ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിലെ മലയിടിച്ചിലിന് കാരണം വന്‍ സ്‌ഫോടനങ്ങളിലൂടെ നടത്തിയ പാറ ഖനനമെന്ന് എന്‍.ഐ.ടി റിപ്പോര്‍ട്ട്. പാറ ഖനനത്തിലൂടെ പ്രദേശത്തിന്‍റെ ഭൂപ്രകൃതി തന്നെ മാറിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജില്ലാ കലക്‌ടർ, ലാന്‍റ് റവന്യൂ കമ്മിഷണർ, റവന്യൂ പ്രിന്‍സിപ്പൽ സെക്രട്ടറി എന്നിവര്‍ക്ക് ദേവികുളം സബ് കലക്‌ടർ എന്‍ഐടിയുടെ റിപ്പോർട്ട് സമര്‍പ്പിച്ചു. ഇതോടൊപ്പം വട്ടവടയിലെ അനധികൃത പാറ ഖനനത്തിൽ അന്വേഷണം നടത്താന്‍ വില്ലേജ് ഓഫിസർക്ക് സബ് കലക്‌ടർ നിർദേശം നൽകി.
ദേശീയപാത നവീകരണം നടക്കുന്ന ഗ്യാപ് റോഡിൽ ഈ മഴക്കാലത്ത് മാത്രം മൂന്ന് തവണയാണ് മലയിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ വന്‍തോതിൽ മലയിടിച്ചില്‍ ഉണ്ടായി. ഏക്കറ് കണക്കിന് ഭൂമിയിൽ കൃഷിനാശവും കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളും നഷ്‌ടപ്പെട്ടു. തുടർന്ന് ഗ്യാപ് റോഡ് ദുരന്ത മേഖലയായി മാറിയ സാഹചര്യത്തിലാണ് കോഴിക്കോട് എന്‍.ഐ.ടി സംഘമെത്തി പഠനം നടത്തിയത്. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും. അതേസമയം മണ്ണിടിച്ചിലില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.