ഇടുക്കി: വേനല്‍മഴയില്‍ അടിമാലി മേഖലയിൽ കനത്ത നാശനഷ്ടം. മുറ്റമിടിഞ്ഞ് അടിമാലി മൂകാംബിക നഗറില്‍ താമസക്കാരിയായ കൊറ്റാഞ്ചേരില്‍ രാജേശ്വരിയുടെ വീട് അപകടാവസ്ഥയിലായി. വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മുറ്റത്തിന്‍റെ ഭാഗമായുള്ള കല്‍ക്കെട്ടിടിഞ്ഞ് താഴേക്ക് പതിച്ചു. വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് ഏത് നിമിഷവും നിലം പതിക്കാവുന്ന വിധം അപകടാവസ്ഥയിലാണ്.
വീടിന്‍റെ ഭിത്തിക്ക് നേരിയ വിള്ളല്‍ സംഭവിച്ചതായും വേനല്‍മഴ തുടര്‍ന്നാല്‍ കല്‍ക്കെട്ടിന്‍റെ ശേഷിക്കുന്ന ഭാഗം കൂടി ഇടിഞ്ഞ് വീട് കൂടുതല്‍ അപകടാവസ്ഥയിലാകാന്‍ സാധ്യതയുണ്ടെന്നും രാജേശ്വരിയുടെ മകന്‍ വിഷ്ണു പറഞ്ഞു. അടിമാലി കൈതച്ചാലില്‍ താമസിച്ച് പോരുന്ന മംഗലാമഠത്തില്‍ മോളി ചാണ്ടിയുടെ വീടിന് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിച്ചു. വീടിന്‍റെ വയറിങ് സാമഗ്രികളും വീട്ടുപകരണങ്ങളും നശിച്ചു. വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയിരുന്ന 250 കിലോയോളം തൂക്കം വരുന്ന മൂരിക്കിടാവ് ഇടിമിന്നലേറ്റ് ചത്തതായി മോളി പറഞ്ഞു.
മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീട്ടില്‍ അപകട സമയത്ത് മോളി മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും മോളി മിന്നലില്‍ നിന്നും പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അടിമാലി മേഖലയില്‍ പരക്കെ വേനല്‍മഴ ലഭിച്ചിട്ടുണ്ട്.