ഇടുക്കി: ഇടുക്കിയില്‍ ശക്‌തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇടവിട്ട് ശക്തമായ മഴയാണ് പല മേഖലകളിലും രേഖപ്പെടുത്തിയത്. ജില്ലയിൽ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ജില്ലാ ഭരണകൂടം എടുത്തിട്ടുണ്ട്.
- കനത്ത നാശ നഷ്ടം
തൊടുപുഴ മേഖലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശ നഷ്ടമാണ് ഉണ്ടയിരിക്കുന്നത്. കോടിക്കുളം പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. 10 വീടുകള്‍ പൂര്‍ണ്ണമായും 35 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ക്ക് പുറമേ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലും നാശമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന് പുറമേ കുമാരമംഗലം വില്ലേജിലും ഒരു വീട് തകര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രദേശത്ത് കനത്ത കാറ്റും മഴയുമുണ്ടായത്. കൊടുങ്കാറ്റിന് സമാനമായ കാറ്റായിരുന്നു വീശിയടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
- വീടുകൾ തകർന്നു
പലരുടേയും വീടുകള്‍ക്ക് മേലെ കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു. ഇതേ തുടര്‍ന്ന് ചില വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകളുടെ മേല്‍ക്കൂരയും കാറ്റില്‍ നിലം പൊത്തി. വന്‍ ശബ്ദത്തോടെയുള്ള കാറ്റായാതിനാല്‍ മിക്ക വീടുകളിലും ആളുകള്‍ ഉണര്‍ന്നിരുന്നു. ഇതിനാല്‍ പലരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
- ഗതാഗതം തടസ്സപ്പെട്ടു
വലിയ മരങ്ങള്‍ വീണ് പ്രദേശത്തേക്കുള്ള റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂര്‍ണ്ണമായും തടസ്സപ്പെട്ടു. സംഭമറിഞ്ഞ ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Also read: ഗവർണറുടെ ഉപവാസ സമരം ന്യായമെന്ന് കെ.സുധാകരൻ