ഇടുക്കി : കാലവര്‍ഷത്തിനൊപ്പം കാറ്റും ശക്തമായതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടം. ബൈസണ്‍വാലിയില്‍ ഉരുൾപൊട്ടലിൽ വീടും കൃഷിയും നശിച്ചു. വിവിധ മേഖകളില്‍ മരം കടപുഴകി. കല്ലാര്‍ കുട്ടി അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. പൊന്‍മുടി അണക്കെട്ടിന്‍റെ ഒരു ഷട്ടറും ഉയര്‍ത്തി.
ബൈസണ്‍വാലി ജപ്പാന്‍ കോളനിയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയത്. അര ഏക്കറോളം സ്ഥലത്തെ ഏലകൃഷി നശിച്ചു. മലമുകളില്‍ നിന്നും മണ്ണും ചെളിയും ഒഴുകിയെത്തി പ്രദേശവാസിയായ മുട്ടുങ്കല്‍ ശശിയുടെ വീടിന് കേടുപാട് സംഭവിച്ചു. വീടിന്റെ പിന്‍ഭാഗത്തെ കതക് തകര്‍ത്ത് എത്തിയ, വെള്ളവും ചെളിയും അകത്തേക്കിരച്ചെത്തി.
അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു : വൃഷ്ടിപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ജില്ലയിലെ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ചെറുകിട അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയോട് അടുത്തു. കല്ലാര്‍ കുട്ടി അണക്കെട്ടിന്‍റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. 750 ക്യുമെക്‌സ് വെള്ളമാണ് കല്ലാര്‍കുട്ടിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. പൊന്‍മുടി അണക്കെട്ടിലെ ജലനിരപ്പ് 705.70 മീറ്റര്‍ പിന്നിട്ടതോടെ, ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി.
നീരൊഴുക്ക് ശക്തമായി തുടര്‍ന്നാല്‍ മൂന്ന് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി 130 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പന്നിയാര്‍, മുതിരപുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
ലോവര്‍ പെരിയാറിലെ ജലനിരപ്പും പരമാവധി സംഭരണ ശേഷിയിലാണ്. 182.45 ക്യുസെക്‌സ് വെള്ളമാണ് ലോവര്‍ പെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കി ജലാശയത്തിന്റെ ഡൈവേര്‍ഷന്‍ ഡാമായ ഇരട്ടയാറിലെ ജലനിരപ്പും പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുകയാണ്.
മുല്ലപ്പെരിയാറില്‍ 130.85 അടിയില്‍ ജലനിരപ്പ് : നിലവില്‍ ഇവിടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 2361.64 അടിയും മുല്ലപ്പെരിയാറില്‍ 130.85 അടിയുമാണ് ജലനിരപ്പ്. ഡൈവേര്‍ഷന്‍ ഡാമായ കല്ലാറിലെ ജലനിരപ്പ് 821 മീറ്ററായി ഉയര്‍ന്നു. പെരിയാറിന്റെ കൈവഴികളിലും ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴയ്‌ക്കൊപ്പം അനുഭവപെട്ട, ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. പാമ്പാടുംപാറ മന്നാക്കുടി സ്വദേശി ബിജു പെരുമ്പന്‍കുത്ത് സ്വദേശി കുട്ടപ്പന്‍ എന്നിവരുടെ വീടുകള്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.
മൂന്നാര്‍ തോക്കുപാറയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കൊച്ചുവീട്ടില്‍ രാജുവിന്റെ വീട് അപകടാവസ്ഥയിലായി. കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിച്ചു. ബൈസണ്‍വാലിയില്‍ സ്‌കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. സ്‌കൂട്ടര്‍ യാത്രികന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. രാജാക്കാട് മാവറസിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു. വണ്ടിപ്പെരിയാര്‍ 62-ാം മൈലില്‍ മരം വീണ് ഗതാഗതം തടസപെട്ടു.