ഇടുക്കി: ഹൈറേഞ്ചിൽ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ വ്യാപക നാശനഷ്‌ടം. മഴയിൽ നാല് വീടുകൾ തകർന്നു. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ ജൂലൈ 21ന് മഴക്കെടുതിയിൽ പരിക്കേറ്റവരുടെ എണ്ണം നാലായി.
സേനാപതി കാന്തിപ്പാറ പുത്തൻപറമ്പിൽ മേരി ജോസഫിന്‍റെ വീട് ശക്തമായ കാറ്റിൽ തകർന്നു. കൊച്ചുമകൾ ദേവനന്ദയ്ക്ക് വീടിൻ്റെ ഭാഗങ്ങൾ ശരീരത്തിൽ പതിച്ച് പരിക്കേറ്റു.
നെടുങ്കണ്ടത്തിന് സമീപം കുമളി-മൂന്നാർ സംസ്ഥാനപാതയിൽ മരം കടപുഴകി വീണ് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മരം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. പാറത്തോട് സ്വദേശി മദന് (30) ഗുരുതരമായി പരിക്കേറ്റു. തലയോടിന് ഗുരുതരമായ് പരിക്കേറ്റ ഇയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഴഗിരിയ്ക്കും സാരമായ പരിക്കുണ്ട്.
Also Read: പുതിയ രൂപം പുതിയ ഭാവം, നല്ല ദിനങ്ങൾ പ്രതീക്ഷിച്ച് കെഎസ്ആർടിസി
ഹൈറേഞ്ചിൻ്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഉടുമ്പൻചോല താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഉടുമ്പൻചോല, കരുണാപുരം, സേനാപതി, ശാന്തൻപാറ പഞ്ചായത്തുകളിൽ വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനപാതയിൽ നൂറ് കണക്കിന് വൻ മരങ്ങളാണ് അപകടഭീഷണി ഉയർത്തി നിൽക്കുന്നത്. ഇവ മുറിക്കാൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെറു ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴക്കെടുതി നേരിടുന്നതിനായി ഉടുമ്പൻചോല താലൂക്കിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.