ഇടുക്കി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതോടെ ജലനിരപ്പ് 135 അടി പിന്നിട്ടു. ശനിയാഴ്‌ച രാവിലെ 134.50 അടിയായിരുന്നു ജലനിരപ്പ്. വൈകിട്ടോടെ 135 അടി പിന്നിടുകയായിരുന്നു.
അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ക്രമാതീതമായി വർധിച്ചു. സെക്കന്‍റിൽ 4875.50 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ തോത് 907.50 ഘനയടിയായി ഉയർത്തി.
തേക്കടിയിൽ 10 മില്ലി മീറ്ററും പെരിയാറിൽ 10.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. വ്യാഴാഴ്‌ച മുതൽ അതിശക്തമായ മഴയാണ് ഇടുക്കിയിൽ അനുഭവപ്പെടുന്നത്. വ്യാപക നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.
Also Read: സംസ്ഥാനത്ത് മഴ ശക്തമാകും; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്