ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മൂലമറ്റം, ശാസ്‌താനട എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ആളപായമില്ല.
ശക്തമായ മഴയിൽ ഇടുക്കി മൂലമറ്റം കണ്ണിക്കൽ മലയിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ (31.07.2022) വൈകിട്ട് 6 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയത് എവിടെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വെള്ളം മണപ്പാടി, കച്ചിറമറ്റം തോടിലൂടെ ഒഴുകിപോവുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെ മൂലമറ്റം വലകെട്ടിഭാഗത്തും ഉരുൾപൊട്ടിയതായി സൂചനയുണ്ട്. മൂലമറ്റം മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറി. ജില്ല ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
കട്ടപ്പന ആനവിലാസത്തിനു സമീപം ശാസ്‌താനടയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. മലവെള്ള പാച്ചിലിൽ ചപ്പാത്തിലെ രണ്ട് വീടുകളിൽ വെള്ളം കയറി. കട്ടപ്പനയിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ദുരന്തനിവാരണ സേനയുടെ ഒരു വിഭാഗവും സംഭവ സ്ഥലത്ത് എത്തി.
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പിലങ്ങാടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്‌സും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നുണ്ട്.
Also read: കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ; ഒരു മരണം