ഇടുക്കി: ടൂറിസം കേന്ദ്രമായ മൂന്നാറിലേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന കോഡ് 4 മൂന്നാര്‍ ഹാക്കത്തോണിന് തുടക്കമായി. ക്യൂ ആര്‍ കോഡ് ആപ്പുമായി ബന്ധപ്പെട്ടാണ് ഹാക്കത്തോണിന് രൂപം നല്‍കിയിട്ടുള്ളത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദറാണി ഹാക്കത്തോണിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ആപ്പ് ഉപയോഗ പരിധിയിലേക്കെത്തുമെന്ന പ്രതീക്ഷ സബ് കലക്ടര്‍ പങ്കുവച്ചു.
മൂന്നാറിന്‍റെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികളും സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദര്‍ശകര്‍ക്ക് ആപ്പ് വഴി ലഭ്യമാക്കുന്നതാണ് ക്യൂ ആര്‍ കോഡ് ആപ്പ് പദ്ധതി. ഈ വെബ് സൈറ്റിലേക്ക് നയിക്കുന്ന ക്യൂ ആര്‍ കോഡുകള്‍ പതിച്ച സ്റ്റിക്കറുകള്‍ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ച് സഞ്ചാരികള്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കും.
ആപ്പിന്‍റെ പൂര്‍ത്തീകരണത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാറിനെ വിവിധ മേഖലകളായി തിരിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെബ് സൈറ്റുള്‍പ്പെടെ നിര്‍മിക്കുന്ന സാങ്കേതിക പ്രവര്‍ത്തനങ്ങളാണ് കോഡ് 4 മൂന്നാര്‍ ഹാക്കത്തോണിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.
ജില്ലാ ഭരണകൂടത്തിന്‍റെ ഏകീകരണത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് ക്യൂ ആര്‍ കോഡ് ആപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നത്.