ഇടുക്കി: നിർമാണം പൂർത്തീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ റോഡ് പൊളിഞ്ഞ് ഗട്ടറുകൾ രൂപപ്പെട്ടു. നെടുങ്കണ്ടം ടൗണിന് സമാന്തരമായി ചക്കകാനം ജങ്ഷനില്‍ ആരംഭിച്ച് കല്ലാര്‍ ഡാമിന് സമീപത്ത് എത്തുന്ന പാതയില്‍ പുതിയതായി ടാറിങ് നടത്തിയ ഭാഗങ്ങളിലാണ് ഗട്ടറുകള്‍ രൂപപ്പെട്ടിരിയ്ക്കുന്നത്. ചക്കകാനം മുതൽ കുരിശുപള്ളി വരെയുള്ള 650 മീറ്റർ ദൂരം അടുത്തിടെയാണ് 10 ലക്ഷം രൂപ മുടക്കി പുനർനിർമിച്ചത്.
എന്നാൽ മഴവെള്ളം ഒഴുകിപ്പോകുന്നതിന് റോഡിനോടനുബന്ധിച്ച് സംവിധാനം ഒരുക്കിയിട്ടില്ല. റോഡിലൂടെ തുടർച്ചയായി വെള്ളം ഒഴുകിയാണ് മൂന്ന് മാസം കൊണ്ടുതന്നെ പലഭാഗത്തും മെറ്റൽ ഇളകിത്തുടങ്ങിയത്. നിർമാണത്തിലെ അപാകത പരിഹരിച്ച് റോഡ് സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
നെടുങ്കണ്ടം ടൗണിന് സമാന്തരമായി കടന്നുപോകുന്ന പാത വീതി വർധിപ്പിച്ച് ബൈപ്പാസ് റോഡായി നിർമിക്കണമെന്നതും കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. തേക്കടി-മൂന്നാര്‍ പാതയില്‍ സഞ്ചരിയ്ക്കുന്ന വിനോദ സഞ്ചാരികള്‍ക്കും ഇത് ഉപകാര പ്രദമാകും.