ഇടുക്കി : അവധിക്കാലം ആഘോഷിക്കാൻ അതിർത്തി ഗ്രാമങ്ങളിലെ മുന്തിരിത്തോപ്പുകളിൽ സഞ്ചാരികളുടെ വൻ തിരക്ക്. വിളവെടുപ്പുകാലം ആരംഭിച്ചതോടെയാണ് സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയത്. കമ്പം, ഗൂഢല്ലൂർ ഗ്രാമങ്ങളിലെ മുന്തിരിപ്പാടങ്ങളിൽ നിറഞ്ഞുനില്‍ക്കുന്ന പഴുത്ത് പാകമായ കുലകള്‍ മനം മയക്കുന്ന കാഴ്‌ചയാണ്.
കേരളത്തോട് അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമങ്ങളായ ചുരളിപെട്ടി, ഗൂഢല്ലുർ, കെ.കെ പെട്ടി, തേവർപെട്ടി, ആനമലയൻ പെട്ടി, ഓടപ്പെട്ടി എന്നിവിടങ്ങളിലാണ് വലിയ രീതിയിൽ മുന്തിരി കൃഷിയുള്ളത്. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളും കേരളത്തിലെ സഞ്ചാരികളെ കൂടുതൽ ഈ പ്രദേശങ്ങളിലേക്ക് അടുപ്പിക്കുന്നു. മഴയില്ലാത്തതും തെളിഞ്ഞ കാലാവസ്ഥയും സഞ്ചാരികൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഫോട്ടോ ഷൂട്ടുകൾക്കായും നിരവധി പേർ ഇവിടെയെത്തുന്നു.
ALSO READ: ചിട്ടിയില്‍ തകർന്ന വൈരജാതന്‍റെ വിധി, ദൈവ ശാപം കിട്ടിയ ക്ഷേത്രത്തിന്‍റെ കഥ
വർഷത്തിൽ മൂന്ന് വിളവെടുപ്പ് കാലമാണ് മുന്തിരി കൃഷിക്കുള്ളത്. നവംബർ മാസമാണ് പ്രധാന സീസൺ. പതിനഞ്ച് മുതൽ ഇരുപത് വർഷം വരെയാണ് ഒരു ചെടിയുടെ ആയുസ്. തോട്ടങ്ങളിൽ സൗജന്യ സന്ദർശനമാണ് കർഷകർ ഒരുക്കിയിരിക്കുന്നത്. കൂടാതെ തോട്ടങ്ങളിൽ എത്തുന്നവർക്ക് മുന്തിരി വാങ്ങാനുള്ള സൗകര്യവും ഒരുക്കിട്ടുണ്ട്. കോട്ടയം, ചങ്ങനാശ്ശേരി, ചെന്നൈ, കർണാടക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി.
ഈ വർഷത്തെ കനത്ത മഴയിൽ വൻ തോതിൽ കൃഷി നാശം റിപ്പോർട്ട് ചെയ്‌തിരുന്നു. സർക്കാർ സഹായം ലഭിക്കാത്തതും വിളക്ക് മെച്ചപ്പെട്ട വില ലഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയായി. എന്നാൽ ഈ അവധിക്കാലത്ത് സഞ്ചാരികൾ എത്തുന്നത് വൻ പ്രതീക്ഷയോടെയാണ് കർഷകർ നോക്കിക്കാണുന്നത്.