ഇടുക്കി: കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ തെരഞ്ഞെടുപ്പും എത്തിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായി പരാതിപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. നിരവധി ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ നല്‍കിയ അപേക്ഷകള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ അപേക്ഷകളില്‍ ഉടൻ തീരുമാനമെടുക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗം.
ഉദ്യോഗസ്ഥന്‍മാര്‍ പലരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതമായതോടെ കെട്ടിട നിര്‍മാണത്തിന് ആവശ്യമായ എന്‍ഒസി, പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട പെര്‍മിറ്റ്, ലൊക്കേഷന്‍ സ്‌കെച്ചുകള്‍, റീസര്‍വെ നടപടികള്‍ എന്നിവയാണ് നീണ്ടുപോകുന്നത്. എല്ലാ ഫയലുകളും പഞ്ചായത്തില്‍ കെട്ടികിടക്കുകയാണ്.
അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തരുതെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ പലരും ഫോണിലൂടെയാണ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഫോണ്‍ എടുക്കാൻ പോലും അധികൃതര്‍ തയാറാകുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം