ഇടുക്കി: ഓട്ടിസം ബാധിതനായ മകൻ. ക്യാൻസർ രോഗിയായതിനാൽ ജോലിക്കും പോകാൻ കഴിയാത്ത സ്ഥിതി. കാട്ടാനയെ പേടിച്ച് കാടിനു നടുവിൽ പാറപ്പുറത്ത് കുടിൽ കെട്ടിയുള്ള താമസം. ചിന്നക്കനാലിലെ ആദിവാസി വീട്ടമ്മയായ വിമല കഴിഞ്ഞ കുറേ കാലങ്ങളായി നയിച്ചുവന്നത് ദുരിതജീവിതം.
ഒടുവിൽ സർക്കാരിന്‍റെ കൈത്താങ്ങ് ലഭിച്ച ആശ്വാസത്തിലാണ് വിമല. എംഎൽഎ അഡ്വ. എ. രാജ നേരിട്ടെത്തി താൽക്കാലികമായി ഇരുവരെയും സുരക്ഷിതമായ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിരിക്കുകയാണ്.
ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ പതിച്ച് കിട്ടിയ സ്ഥലത്ത് കാട്ടാന താവളമാക്കിയതോടെ ജീവന്‍ രക്ഷാർഥം പലരുടേയും സഹായത്തോടെ കൂറ്റന്‍ പാറപ്പുറത്ത് കുടിൽ കെട്ടി താമസം തുടങ്ങുകയായിരുന്നു.
ALSO READ: എന്‍.ക്യു.എ.എസ് അംഗീകാരം; കേരളത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ
മകനെ തനിച്ചാക്കി ജോലിക്കു പോകാൻ സാധിക്കാത്തതിനാൽ മിക്ക ദിവസങ്ങളിലും പട്ടിണിയിലായിരുന്നു ഈ കുടുംബം. ഭക്ഷണത്തിന് പോലും വകയില്ലാതെ മകനുമായി ദുരിത ജീവിതം നയിക്കുന്ന വിമലയെകുറിച്ച് അറിഞ്ഞതോടെയാണ് സംസ്ഥാന സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് എംഎല്‍എ ഇവരെ തേടി കാടിന് നടുവിലെ ഈ കുടിലിലെത്തിയത്.
അമ്മയ്ക്കും മകനും സുരക്ഷിതമായ വീടും സ്ഥലവും നൽകുന്നതിനു പുറമേ ആശുപത്രി ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും എംഎല്‍എ രാജ പറഞ്ഞു. ഭക്ഷണത്തിനടക്കമുള്ള പലചരക്ക് സാധനങ്ങളും എംഎല്‍എ വാങ്ങി നല്‍കി. എസ്‌സി പ്രമോട്ടറുടേയും പൊതു പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് താല്‍ക്കാലിക വീടൊരുക്കുയത്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വിമലയ്ക്ക് സുരക്ഷിതമായ വീട് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും എംഎല്‍എ ഉറപ്പ് നൽകി.