ഇടുക്കി: ഫല മൂലാദികള്‍ക്കൊപ്പം മഞ്ഞയില്‍ ഏഴഴക് വിരിയിക്കുന്ന കൊന്നപ്പൂവുകൂടി ചേരുമ്പോഴേ മലയാളിയുടെ വിഷുക്കണി പൂര്‍ണമാകുകയുള്ളൂ. ഐതീഹ്യങ്ങളും അത്ര തന്നെ വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് കൊന്നപ്പൂവിന്‍റെ വര്‍ണപ്പൊലിമ. മേടപ്പുലരിയുടെ വരവറിയിച്ച് ഹൈറേഞ്ചില്‍ കണിക്കൊന്നകള്‍ പൂത്തു.
വിഷുപ്പുലരിക്കും വളരെ മുമ്പേതന്നെ കണിക്കൊന്നകള്‍ ഹൈറേഞ്ചിന്‍റെ മലമടക്കുകളില്‍ കാഴ്‌ചയുടെ വര്‍ണ വസന്തമൊരുക്കുകയാണ്. വിഷു തൊട്ട് വിഷു വരെയുള്ള മലയാളിയുടെ ഒരാണ്ടില്‍ ഐശ്വര്യത്തിന്‍റെയും സമ്പദ്‌സമൃതിയുടെയും നല്ലനാളുകള്‍ ഉണ്ടാകാനുള്ള തുടക്കമാണ് ഓരോ വിഷുപ്പുലരിയിലും മലയാളി ഒരുക്കുന്ന വിഷുക്കണി. പ്രതീകാത്മകത കൊണ്ടും വര്‍ണപ്പൊലിമ കൊണ്ടും ധാരാളിത്തം കൊണ്ടും കണിയൊരുക്കാന്‍ കൊന്നപ്പൂവല്ലാതെ ഇന്നോളം മലയാളക്കരയില്‍ മറ്റൊരു പൂവില്ല.
ഐതീഹ്യത്തിനപ്പുറം പ്രകൃതിയുടെ സന്തുലനാവസ്ഥയുടെ അളവുകോല്‍ കൂടിയാണ് കാലം തെറ്റി പൂക്കുന്ന കണിക്കൊന്ന. ചൂടേറുന്നതിന്‍റെ സൂചനയാണ് മേടപ്പുലരിക്കും മുമ്പേ വിരിഞ്ഞ് വിതറിയ കൊന്നപ്പൂവ് നല്‍കുന്നത്. കണിയും കൈനീട്ടുവുമെല്ലാമായി വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ മലയാളിയുടെ മനസിനെ പാകപ്പെടുത്താനെന്നവണ്ണം വര്‍ണ ശബളിതയുടെ പൂക്കാലമൊരുക്കുകയാണ് മഞ്ഞയില്‍ അഴകുവിരിയിക്കുന്ന കണിക്കൊന്ന.
Also Read: 75 വയസിനിടെ 10,000 കിലോമീറ്റർ സൈക്കിൾ യാത്ര; നിരുപമ ഭാവെ സൂപ്പറാണ്