ഇടുക്കി: കാമുകിയുടെ ചിത്രം മറ്റൊരാൾ സ്‌റ്റാറ്റസാക്കിയതിന് യുവാവിന്‍റെ ദേഷ്യം അവസാനിച്ചത് കൂട്ടത്തല്ലിൽ. കേസിൽ മാരകായുധങ്ങളുമായി മൂന്ന് പേരെ അടിമാലി പൊലീസ് അറസ്‌റ്റ് ചെയ്‌തു. അടിമാലി സ്വദേശികളായ അനുരാഗ്, അരുൺ, അഭിജിത്ത് എന്നിവരെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഡിസംബർ ആറിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂപ്പർമാർക്കറ്റിൽ ജോലിചെയ്‌തിരുന്ന രണ്ട് യുവാക്കളും യുവതിയും ചേർന്ന് സെൽഫി എടുക്കുകയും അതിൽ ഒരാൾ ചിത്രം സമൂഹ മാധ്യമത്തിൽ സ്‌റ്റാറ്റസാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇത് ഇഷ്‌ടപ്പെടാതെ വന്ന യുവതിയുടെ കാമുകൻ സംഭവം ബന്ധുവായ അനുരാഗിനോട് പങ്കുവച്ചു. തുടർന്ന് അനുരാഗ് യുവതിയുടെ ചിത്രം സ്‌റ്റാറ്റസിട്ട യുവാവിനെ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതോടെ ഭീഷണി ഭയന്ന് യുവാവ് സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിച്ചു.
അതിനുശേഷം സ്‌റ്റാറ്റസിട്ട യുവാവ് സുഹൃത്തായ വിശ്വജിത്തിനോട് ഭീഷണിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ട കളിയിലേയ്‌ക്ക് നീങ്ങിയത്. വിഷയത്തിൽ വിശ്വജിത്ത് ഇടപെടുകയും അനുരാഗിന് താക്കീത് നൽകുകയും ചെയ്‌തു. ഇതേതുടർന്ന് ഇന്നലെ രാത്രി വിശ്വജിത്തും കൂട്ടുകാരും ടൗണിൽ ഉണ്ടെന്ന് മനസിലാക്കി അനുരാഗും കൂട്ടരും ആക്രമിക്കാനെത്തുകയായിരുന്നു.
വടിവാൾ, ഇരുമ്പ് പൈപ്പ് തുടങ്ങിയവ കൈയിൽക്കരുതിയാണ് അക്രമിസംഘം എത്തിയത്. ഒച്ചപ്പാടും കയ്യാങ്കളിയും നടക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്തുനിന്നും രക്ഷപെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഒളിവിലായ മറ്റ് രണ്ടുപേരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്.