ഇടുക്കി: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവിന്‍റെ വൻശേഖരം തമിഴ്നാട് എൻ.ഐ.ബി (നാര്‍കോട്ടിക് ഇന്‍റലിജന്‍സ് ബ്യൂറോ) പിടികൂടി. കേരളത്തിലെ എക്സൈസ് സംഘത്തിന്‍റെ സഹായത്തോടെ 225 കിലോ കഞ്ചാവാണ് ദിണ്ടിഗലില്‍ നിന്ന് പിടിച്ചെടുത്തത്. മധുര കീരിപെട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് കടത്തിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു.
ആന്ധ്രയിൽ നിന്നും തമിഴ്‌നാട് വഴി കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടു വരുന്നുണ്ടെന്ന് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യ നിരീക്ഷണത്തിനായി തമിഴ്‌നാട്ടിലേക്ക് ഏതാനും ഉദ്യോഗസ്ഥരെ അയച്ചു. ഇവര്‍ ദിണ്ടിഗലില്‍ കേരളത്തിലേക്ക് കഞ്ചാവുമായി വരുന്ന ലോറി കണ്ടെത്തുകയായിരുന്നു.
ടോറസ് ലോറിയിൽ പേപ്പര്‍ ലോഡിന്‍റെ മറവിലായിരുന്നു കഞ്ചാവ് കടത്ത്. തമിഴ്‌നാട് സേലം ജില്ലയിൽ ശങ്കരഗിരി സ്വദേശിയായ അരുൺകുമാർ (33), കൃഷ്ണ ഗിരി ജില്ലയിൽ ബെർഗൂർ താലൂക്കിൽ അഞ്ചൂർ സ്വദേശിയായ ഷണ്മുഖം (58) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും ദിണ്ടിഗൽ വരെ കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്ന് ഇവര്‍ പറഞ്ഞു. ദിണ്ടിഗൽ എൻ ഐ ബി ഒഫിസിൽ കേസ് രജിസ്റ്റർ ചെയ്തു തുടരന്വേഷണം ആരംഭിച്ചു.
ALSO READ:തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ