ഇടുക്കി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി "സ്വാതന്ത്ര്യ ചുവർ" ഒരുക്കി ഇടുക്കി രാജകുമാരി എൻഎസ്എസ് കോളജിലെ അധ്യാപകരും വിദ്യാർഥികളും. സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട് മൂന്ന് ചിത്രങ്ങളാണ് കോളജിന്‍റെ വലിയ ചുവരിൽ വിദ്യാർഥികൾ ഒരുക്കിയത്. ഉപ്പ് സത്യഗ്രഹത്തിന്‍റെ ഭാഗമായ ദണ്ഡിയാത്ര, സ്വാതന്ത്ര്യ സമരസേനാനികൾ, വൈക്കം സത്യഗ്രഹം തുടങ്ങിയ ചിത്രങ്ങളാണ് ചായകൂട്ടുകളാൽ ചുവരിൽ നിറഞ്ഞത്.
ഇരുപത് വിദ്യാർഥികൾ ഇരുപത് മണിക്കൂർ കൊണ്ടാണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. കൂട്ടുകാരുമൊത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി വലിയ ചുവർ ചിത്രങ്ങൾ ഒരുക്കാൻ സാധിച്ചത് വേറിട്ട അനുഭവമായിരുന്നുവെന്നും അധ്യാപകരുടെ സഹായത്തോടെയാണ് ചിത്രങ്ങൾ വരക്കാൻ സാധിച്ചത് എന്നും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾ ഒരുക്കിയ ചിത്രങ്ങൾ കാണുവാൻ നിരവധി ആളുകളാണ് കോളജിലേക്ക് എത്തുന്നത്.