ഇടുക്കി: ആദിവാസി വിഭാഗക്കാരായ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സ്‌മാര്‍ട് ഫോണുകള്‍ ലഭ്യമാക്കി ദേവികുളം ജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥരും അങ്കമാലി ഫിസാറ്റും. ദേവികുളം താലൂക്കിലെ വിവിധ ആദിവാസി മേഖലകളില്‍ നിന്നും ബിരുദ പ്രവേശനത്തിന് അവസരം നേടിയിട്ടുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനമുള്‍പ്പെടെയുള്ള സാങ്കേതിക സഹായം സാധ്യമാക്കാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയത്.
അടിമാലിയില്‍ നടന്ന ചടങ്ങില്‍ അടിമാലി മേഖലയിലുള്ള അഞ്ച് കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ കൈമാറി. ചടങ്ങിന്‍റെ ഉദ്ഘാടനം ജില്ലാ വിമുക്തി മിഷന്‍ മാനേജര്‍ സജീവ് കുമാര്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. ആകെ മൊത്തം 17 കുട്ടികള്‍ക്കാണ് ഫോണുകള്‍ ലഭ്യമാക്കുക. മറയൂര്‍ മേഖലയിലെ കുട്ടികള്‍ക്കും കഴിഞ്ഞ ദിവസം ഫോണുകള്‍ കൈമാറിയിരുന്നു. അങ്കമാലി ഫിസാറ്റും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് 13 കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കി നല്‍കിയിട്ടുള്ളത്. നാല് സ്മാര്‍ട്ട് ഫോണുകള്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് അനുവദിച്ചു.