ഇടുക്കി : വയോധികനെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. റിനു, ബിബിന്‍, വിനീത് നെല്‍സണ്‍, ബിജു എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളായ നാലുപേരെയും തമിഴ്‌നാട്ടില്‍ നിന്നുമാണ് തങ്കമണി പൊലീസ് പിടികൂടിയത്.
ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ മാളൂര്‍ സിറ്റിയില്‍ ഇന്നലെ (ജൂലൈ 13) രാത്രിയിലാണ് സംഭവം. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വേലംപറമ്പില്‍ തങ്കച്ചനെ ആക്രമിച്ചാണ് നാലംഗ സംഘം സ്വര്‍ണ മാല കവര്‍ന്നത്. സ്വര്‍ണ മാല പണയം വയ്ക്കാന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ദിവസ വേതനക്കാരനായ തങ്കച്ചന്‍ കട്ടപ്പന സ്വരാജിന് സമീപം ജോലിക്ക് പോയപ്പോള്‍ ബിബിനെ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ തങ്കച്ചനോട് മാല പണയം വയ്‌ക്കാന്‍ ചോദിച്ചു. എന്നാല്‍, മാല കൈമാറാന്‍ തങ്കച്ചന്‍ തയ്യാറായിരുന്നില്ല.
തുടര്‍ന്ന് നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ തങ്കച്ചന്‍റെ വീട്ടിലേക്ക് എത്തി. തുടര്‍ന്ന് വയോധികനെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഈ സമയത്താണ് സംഘത്തിലെ മറ്റൊരാള്‍ തങ്കച്ചന്‍റെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്‍റെ മാല കവര്‍ന്നത്.
കമ്പി വടികള്‍ ഉള്‍പ്പടെ മാരക ആയുധങ്ങളുമായാണ് പ്രതികള്‍ എത്തിയത്. കൂടാതെ ഇവരുടെ കൈവശം മുളകുപൊടിയും കരുതിയിരുന്നു. മോഷണ ശ്രമത്തിനിടെ ഉണ്ടായ പിടിവലിയില്‍ ഭിത്തിയില്‍ ഇടിച്ച് തങ്കച്ചന്‍റെ തലയ്‌ക്ക് പരിക്കേറ്റു.
Also Read : Gold theft| മണക്കാട് മോഷണം : പ്രതിയിൽ നിന്നും സ്വർണം കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുന്നുവെന്ന് പൊലീസ്
തങ്കച്ചന്‍റെ നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും പ്രതികള്‍ അവിടെ നിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാരാണ് തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ വിവരം തങ്കമണി പൊലീസിലും അറിയിച്ചു.
പിന്നാലെ, പ്രതികളെ പിടികൂടാനായി തങ്കമണി സിഐയുടെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരട്ടയാര്‍ ഭാഗത്ത് അപരിചിതരായ ചിലരെ കണ്ടിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ കുറിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഇതില്‍, വാഹനം നെടുങ്കണ്ടം സ്വദേശിയുടേതാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കമ്പം തമിഴ്‌നാട് മേഖലകളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തി. തുടര്‍ന്ന് കമ്പം ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Also Read : തിരുവനന്തപുരത്ത് വൻ മോഷണം ; വീട്ടില്‍ നിന്ന് കവര്‍ന്നത് 100 പവൻ സ്വർണം
പ്രതികളില്‍ നിന്ന് തങ്കച്ചന്‍റെ മാലയും പൊലീസ് കണ്ടെത്തി. കവര്‍ച്ചയ്‌ക്ക് ശേഷം ഒരു ഇരുചക്ര വാഹനത്തില്‍ കുമളിയിലെത്തിയ പ്രതികള്‍ അവിടെ നിന്ന് ബസിലാണ് തമിഴ്‌നാട്ടിലേക്ക് കടന്നതെന്ന് പൊലീസും അറിയിച്ചു.