ഇടുക്കി: വാഗമണ്ണിൽ നിശാ പാർട്ടി നടത്തിയ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിലായി. നിശാ പാർട്ടി സംഘാടകരായ തൊടുപുഴ സ്വദേശി അജ്‌മൽ (30), മലപ്പുറം സ്വദേശി മെഹർ ഷെറിൻ (26), എടപ്പാൾ സ്വദേശിയായ നബീൽ (36), കോഴിക്കോട് സ്വദേശികളായ സൽമാൻ (38), അജയ് (41), ഷൗക്കത്ത് (36), കാസർകോട് സ്വദേശിയായ മുഹമ്മദ് റഷീദ് (31), ചാവക്കാട് സ്വദേശിയായ നിഷാദ് (36), തൃപ്പൂണിത്തുറ സ്വദേശിയായ ബ്രസ്റ്റി വിശ്വാസ് (23) എന്നിവരാണ് അറസ്റ്റിലായത്.
മഹാരാഷ്‌ട്ര, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് ലഹരി വസ്‌തുക്കൾ എത്തിച്ചത്. നിശാ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുക്കും. ജന്മദിനാഘോഷത്തിന്‍റെ മറവിലാണ് പാർട്ടി സംഘടിപ്പിച്ചത്. റിസോർട്ട് ബുക്ക് ചെയ്‌തത് കൊച്ചി സ്വദേശി ഏണസ്റ്റാണെന്ന് റിസോർട്ട് ഉടമ പറഞ്ഞു.
റിസോർട്ട് ഉടമയും സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയുമായ ഷാജി കുറ്റിക്കാടിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ അറിയിച്ചു. ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും ഷാജി ചെയ്‌തത് പാർട്ടി വിരുദ്ധമായ കാര്യമാണെന്നും കെ.കെ ശിവരാമൻ പറഞ്ഞു. റിസോർട്ടിൽ നടത്തിയ റെയ്‌ഡിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 പേരെയാണ് പിടികൂടിയത്. എൽഎസ്‌ഡി സ്റ്റാമ്പ്, ഹെറോയിൻ, ഗം, കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.