ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. രണ്ട് മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫിസിലെ വാച്ചര്‍ ശക്തിവേലിയാണ് മരിച്ചത്. ശാന്തന്‍പാറ സ്വദേശിയായ ശക്തിവേലന്‍ പന്നിയാര്‍ എസ്‌റ്റേറ്റില്‍ കാട്ടാന കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണത്തില്‍ പെട്ടത്.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പന്നിയാര്‍ എസ്‌റ്റേറ്റില്‍ കാട്ടാന കൂട്ടം എത്തിയിരുന്നെന്ന് വിവരം ലഭിച്ചാണ് രാവിലെ ശക്തിവേല്‍ ആള്‍ താമസമില്ലാത്ത പന്നിയാര്‍ എസ്റ്റേറ്റിലെത്തിയത്. അവിടെ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു.
ജനവാസ മേഖലകളിലെത്തുന്ന കാട്ടാനകളെ ശകാരിച്ച് കാടുകയറ്റുന്ന ഇദ്ദേഹത്തിന്‍റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പോടാ.. ഇങ്ക... നിക്കാതെ കാട്ടില്‍ കേറി പോടാ....കഴിഞ്ഞ നവംബര്‍ 29ന് കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ആനയിറങ്കലിന് സമീപം റോഡിലിറങ്ങിയ മുറിവാലന്‍ കൊമ്പന്‍ എന്ന ഒറ്റയാനെ ഇരു ചക്ര വാഹനത്തിലിരുന്ന് ശകാരിച്ച് കാട്ടിലേക്ക് തുരത്തിയ ശക്തിവേലിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ആ വീരപരിവേഷത്തിനപ്പുറം ശക്തിവേലെന്ന മനുഷ്യ സ്നേഹി കാട്ടാനകളുടെ തുമ്പിക്കൈ അകലെ നിന്നും രക്ഷപെടുത്തിയ മനുഷ്യരുടെ കണക്കെടുക്കുക പ്രയാസമാണ്. സ്വന്തം ജീവന്‍ പണയം വച്ചാണ് ശക്തിവേല്‍ കാട്ടാനകളുടെ മുന്നില്‍ പെട്ടു പോയവരെയെല്ലാം രക്ഷപെടുത്തിയത്. ഒരാഴ്‌ച മുന്‍പും ഇതേ റോഡില്‍ ചക്ക കൊമ്പന്‍റെ മുന്നില്‍ പെട്ട വേണാട് സ്വദേശികളായ രണ്ട് ബൈക്ക് യാത്രികരെ ശക്തിവേല്‍ രക്ഷപെടുത്തിയിരുന്നു.
ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ആത്മവിശ്വാസവും കൈയിലൊരു മുള വടിയും മാത്രമായിരുന്നു ശക്തിവേലിന്‍റെ കൈമുതല്‍. കഴിഞ്ഞ ദിവസം ആനയിറങ്കല്‍ ബോട്ട് ലാന്‍ഡിങിലെത്തിയ അരി കൊമ്പനെയും ശക്തിവേല്‍ ഒച്ച വച്ച് തുരത്തി. മേഖലയില്‍ എവിടെയെങ്കിലും കാട്ടാനകളുടെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ ശക്തിവേല്‍ വനം വകുപ്പ് അധികൃതരെ അറിയിക്കുകയും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തിരുന്നു.
ആനയിറങ്കല്‍ മേഖലയില്‍ ശക്തിവേലിനെ കണ്ടാല്‍ സമാധാനത്തോടെ റോഡില്‍ കൂടി യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പന്നിയാർ ആനയിറങ്കല്‍ മേഖലയിലെ ഓരോ കാട്ടാനകളെ കുറിച്ചും ശക്തിവേലിന് ധാരണയുണ്ടായിരുന്നു. ചക്ക കൊമ്പനും അരി കൊമ്പനും കൊലയാളികളാണെന്നും അവരെ ഇവിടെ നിന്ന് പിടിച്ചു കൊണ്ടു പോകണമെന്നുമായിരുന്നു ശക്തിവേലിന്‍റെ പക്ഷം. നാട്ടുകാരുടെ എന്താവശ്യങ്ങള്‍ക്കും ഓടിയെത്തുന്ന ശക്തിവേലിന്‍റെ നിഷ്‌കളങ്ക സ്നേഹം അദ്ദേഹത്തെ ഒരു തവണയെങ്കിലും പരിചയപ്പെട്ടവര്‍ക്ക് മറക്കാനാകില്ല. ശാന്തിയാണ് ശക്തിവേലിന്‍റെ ഭാര്യ, രാധിക, വനിത, പ്രിയ എന്നിവര്‍ മക്കളാണ്.
പ്രതിഷേധവും റോഡ് ഉപരോധവുമായി നാട്ടുകാര്‍: ശക്തിവേല്‍ ആക്രമണത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് തോണ്ടിമലയില്‍ നാട്ടുകാര്‍ അഞ്ച് മണിക്കൂര്‍ ദേശീയ പാത ഉപരോധിച്ചു. മേഖലയില്‍ കാട്ടാനശല്യം കൂടുതലാണെന്നും അപകടകാരികളായ രണ്ട് കാട്ടാനകളെ മേഖലയില്‍ നിന്ന് മാറ്റാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരായ എംഎം മണിയും എ രാജയും ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്തു.
സ്‌കൂള്‍ ബസ് അടക്കമുള്ള നിരവധി വാഹനങ്ങള്‍ ഉപരോധത്തെ തുടര്‍ന്ന് റോഡില്‍ കുടുങ്ങി. ശക്തിവേലിന്‍റെ മൃതദേഹം പൊലീസ് എത്തുന്നതിന് മുമ്പും സ്ഥലത്ത് നിന്ന് മാറ്റിയതിലും നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കാട്ടാന ശല്യത്തിനെതിരെ ഉടനടി നടപടിയെടുക്കുമെന്നും മേഖലയില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.