ഇടുക്കി: ഗോത്രവിഭാഗങ്ങളെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി വനംവകുപ്പ് ആദിവാസികളുടെ വന-കാര്‍ഷികോത്പന്നങ്ങളുടെ ആഴ്ച ചന്ത തുറന്നു. മസാലപ്പെട്ടി ഹാത്ത് ബസാര്‍ എന്ന പേരിലാണ് വിപണന കേന്ദ്രം തുറന്നിട്ടുള്ളത്.
ആദിവാസി വിഭാഗക്കാരായവരുടെ കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക, ആദിവാസികളുടെ കാര്‍ഷിക വിളകള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ അവസരമൊരുക്കുക തുടങ്ങി ആദിവാസി വിഭാഗക്കാരെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായിട്ടാണ് ആഴ്ച ചന്ത തുറന്നിട്ടുള്ളത്.
അടിമാലി ഗ്രാമപഞ്ചായത്തിലെ 27 ആദിവാസി കോളനികളിലും നേര്യമംഗലം മേഖലയിലെ ഏഴ് കോളനികളിലും ആദിവാസികള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പ്പന്നങ്ങളാണ് ചന്തവഴി ഇവിടെ വില്‍ക്കുന്നത്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതിയംഗങ്ങളെ ഉള്‍പ്പെടുത്തി ചന്തയോട് ചേര്‍ന്ന് ഇക്കോഷോപ്പും ലഘുഭക്ഷണ ശാലയും സജ്ജമാക്കിയിട്ടുണ്ട്.
ഇക്കോഷോപ്പ് വനംവകുപ്പ് നേരിട്ടാകും നടത്തുക. ആദിവാസി യുവാക്കള്‍ക്കിവിടെ ജോലി നല്‍കും. വിനോദ സഞ്ചാരികള്‍ക്കും ഇതര വാഹനയാത്രികര്‍ക്കും പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാകും കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നടക്കുക.