ഇടുക്കി: ആനപ്പാര്‍ക്ക് പദ്ധതി നടപ്പാക്കാനെന്ന പേരിൽ ആദിവാസി കുടികളിൽ നിന്നും കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കവുമായി വനംവകുപ്പ്. കുടിയിൽ നിന്നും ഒഴിഞ്ഞു പോകുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകാമെന്നും വനംവകുപ്പ് വാഗ്‌ദാനം ചെയ്‌തു. ചിന്നക്കനാൽ 301 കോളനിയിലെ ആദിവാസികളെയും കഞ്ഞിക്കുഴി കൈതപ്പാറയിലെ ആദിവാസികളെയുമാണ് ഇതിനായി വനംവകുപ്പ് സമീപിച്ചത്.
ചിന്നക്കനാല്‍ 301 കോളനിയിൽ 50ൽ താഴെ മാത്രം ആദിവസി കുടുംബങ്ങളാണ് സ്ഥിര താമസമുള്ളത്. ഇവരെ കുടിയൊഴുപ്പിച്ച് ഇവിടം വനംവകുപ്പിന്‍റെ അധീനതയിലാക്കി പദ്ധതി നടപ്പിലാക്കുന്നതിനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ഇതിനായി ആദിവാസികളെ മറ്റൊരിടത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതിന് പകരം ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നല്‍കാമെന്ന വാഗ്‌ദാനമാണ് വനംവകുപ്പ് നല്‍കുന്നത്.
ഇതിനെതിരേ വലിയ പ്രതിഷേധവും ആദിവാസികള്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്നുണ്ട്. ആദിവാസികള്‍ക്ക് നല്‍കിയിരിക്കുന്ന പട്ടയത്തിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് വനംവകുപ്പ് ആദിവാസികള്‍ നിന്നും സ്ഥലം ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നത്. എന്നാല്‍ തങ്ങൾക്ക് ലഭിച്ച മണ്ണിൽ നിന്നും കുടിയിറങ്ങാൻ തയാറല്ലെന്നും, മരണം വരെ ഇവിടെത്തന്നെ ജീവിക്കുമെന്നുമുള്ള നിലപാടിലാണ് ആദിവാസി കുടുംബങ്ങൾ.
ALSO READ: ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനൊരുങ്ങി ഉടമ,കിലോയ്‌ക്ക് 45 രൂപ ; ഉദ്യോഗസ്ഥ പീഡനമെന്ന് ആരോപണം
ആദിവാസികളെ കുടിയൊഴുപ്പിക്കാന്‍ നീക്കം നടക്കുന്നതിനൊപ്പം ആദിവാസി ഭൂമികൾ വനംകുപ്പിന് വിറ്റ് കാശാക്കാന്‍ കയ്യേറ്റ മാഫിയയും രംഗത്തെുണ്ടെന്ന ആരോപണവുമുണ്ട്. ഇരുനൂറിലധികം വരുന്ന സ്ഥിരതാമസമില്ലാത്ത ആദിവാസികളുടെ പട്ടയം വനംവകുപ്പിന്‍റെ പേരില്‍ കൈമാറ്റം നടത്തി സ്വയം കുടിയൊഴിയാന്‍ തയാറാണെന്ന സാക്ഷ്യപത്രം വാങ്ങി തുക തട്ടിയെടുക്കുന്നതിനാണ് നീക്കം. സ്ഥിര താമസമില്ലാത്ത ഫ്ലോട്ടുകള്‍ റവന്യൂവകുപ്പ് ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ്, പട്ടയം റദ്ദ് ചെയ്യുന്നതിന് മുമ്പ് രേഖകള്‍ ആദിവാസികളില്‍ നിന്നും വാങ്ങി മേഖല വനഭൂമിയാക്കാന്‍ നീക്കം നടക്കുന്നത്.
ചിന്നക്കനലിലെ ആദിവാസികളെ സമീപിച്ചതിനൊപ്പം കഞ്ഞിക്കുഴി കൈതപ്പാറയിലെ ആദിവാസികളെയും വനംവകുപ്പ് സമീപിക്കുകയും രേഖകൾ ഒപ്പിട്ട് വാങ്ങുകയും ചെയ്‌തു. ഇതിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്തെത്തി. ആദിവാസികള്‍ക്ക് വേണ്ടി മാറ്റിയിട്ടിരിക്കുന്ന ഭൂമി പൂര്‍ണമായും സംരക്ഷിക്കുന്നതിന് നടപടി വേണമെന്ന് പട്ടികവര്‍ഗ ഏകോപന സമതിയും ആവിശ്യപ്പെട്ടു.
ആദിവാസി ഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പിന് അധികാരമില്ലെന്നും ഇത് അനുവദിക്കില്ലെന്നും ഇടുക്കി ജില്ലാ കലക്‌ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.