ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തില്‍ തകർന്ന റേഷൻ കടയ്‌ക്ക് സോളാർ വേലി നിർമിച്ചു നൽകി വനം വകുപ്പ്. കാട്ടാനയായ അരികൊമ്പന്‍റെ ആക്രമണത്തിന് സ്ഥിരം ഇരയായിരുന്ന റേഷൻ കടകള്‍ക്ക് പുതിയ കെട്ടിടം പണിയാനും തീരുമാനമായി. പന്നിയാർ, ആനയിറങ്കൽ റേഷൻ കടകൾക്കാണ് പുതിയ കെട്ടിടം പണിയുക.
ജില്ല കലക്‌ടർ വിളിച്ച യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ അഞ്ച് തവണയാണ് അരികൊമ്പൻ റേഷൻ കട തകർത്തത്. ഇതോടെയാണ് പുതിയ റേഷൻകട വേണമെന്ന ആവശ്യം ശക്‌തമായത്. കൊമ്പന്‍റെ ആക്രമണം തുടർക്കഥയായതോടെ റേഷൻ കടയിൽ നിന്നും സാധനങ്ങൾ മറ്റൊരു കെട്ടിടത്തിലേക്ക് താത്‌കാലികമായി മാറ്റിയിരുന്നു.
ഹാരിസൺ മലയാളം കമ്പനിയുടെ കെട്ടിടത്തിലാണ് റേഷൻ കട പ്രവർത്തിക്കുന്നന്നത്. ഒരു മാസത്തിനകം പുതിയ കെട്ടിടം നിർമിക്കാൻ എസ്റ്റേറ്റ് ഉടമകൾക്ക് ജില്ല കലക്‌ടർ നിർദേശം നൽകി. ഇതിന് മുന്നോടിയായി വനം വകുപ്പ് പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട, സ്‌കൂൾ, ആരാധനാലയം, കളിസ്ഥലം എന്നിവക്ക് എല്ലാം സോളാർ വേലി സ്ഥാപിച്ചു.
യുദ്ധകാല അടിസ്ഥാനത്തിലാണ് മേഖലയിൽ സോളാർ വേലി നിർമിച്ചത്. പന്നിയാർ, സിങ്കു കണ്ടം, ചെമ്പകത്താഴുക്കുടി, ബിഎൽറാം, കോഴിപ്പെന്നക്കുടി എന്നീ പ്രദേശങ്ങളിൽ ഉൾപ്പടെ 21.7 കിലോമീറ്റർ കൂടി സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും.