ഇടുക്കി: പീച്ചാട് പ്ലാമല സിറ്റിക്ക് സമീപം വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ വീണ്ടും ഏല കൃഷി ഒഴിപ്പിച്ചു. ഒഴിപ്പിക്കല്‍ നടപടികളെ തുടര്‍ന്ന് പ്രദേശത്തെ കര്‍ഷകരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്യായമായി തങ്ങളുടെ ഏലച്ചെടികള്‍ വെട്ടിനശിപ്പിക്കുകയാണെന്നാണ് കര്‍ഷകരുടെ ആക്ഷേപം. അതേ സമയം മലയാറ്റൂര്‍ റിസര്‍വ്വ് ഫോറസ്റ്റിന്‍റെ ഭാഗമായുള്ള സ്ഥലങ്ങളിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിയതെന്നാണ് വനംവകുപ്പിന്‍റെ വാദം.
മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കൃഷി ഭൂമി ഒഴിപ്പിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയെത്തിയ വനപാലകസംഘം ഏകദേശം 20 ഏക്കറോളം സ്ഥലത്തെ ഏലകൃഷി നശിപ്പിച്ചു. കുരിശുപാറയില്‍ വനപാലകസംഘത്തിന് നേരെ മുമ്പുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കൽ അവസാനിപ്പിച്ചത്.