ഇടുക്കി: പ്രളയമൊഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോളും വെള്ളത്തൂവല്‍ കുത്തുപാറ പള്ളിക്കുന്നിലെ ചില കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണ്. പ്രളയം ഇല്ലാതാക്കിയ വീടിന് സമീപം ചെറിയൊരു കൂരയിലാണ് ക്യാന്‍സര്‍ രോഗിയായ തങ്കമ്മയും ഭര്‍ത്താവ് പത്രോസും താമസിക്കുന്നത്. ആകെ ഉണ്ടായിരുന്ന പത്ത് സെന്‍റ് ഭൂമി പ്രളയത്തില്‍ നശിച്ചു. ഇല്ലായ്മയില്‍ നിന്നും ഉണ്ടാക്കിയ 7000 രൂപ സഹായമഭ്യര്‍ഥിച്ച് ഓഫീസുകള്‍ കയറി ഇറങ്ങി ചെലവഴിച്ചു. ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ കണ്ണ് തുറക്കണമെന്നാണ് തങ്കമ്മയുടെയും പത്രോസിന്‍റെയും അഭ്യര്‍ഥന.
സമീപവാസികളായ കൃഷ്ണകുടിയില്‍ സണ്ണി മാത്യു, പാനിപ്പാറയില്‍ പൗലോസ്, പുന്നക്കരോരത്ത് ജോസ് തുടങ്ങിയ ആറോളം കുടുംബങ്ങള്‍ക്കും ഇതേ അവസ്ഥയാണ്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബങ്ങള്‍ക്ക് വീടുകള്‍ അനുവദിച്ചിരുന്നെന്നും എന്നാല്‍ പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട മറ്റ് ചിലകാരണങ്ങളാണ് പരാതിക്കടിസ്ഥാനമെന്നും പഞ്ചായത്തംഗം സ്മിത പറഞ്ഞു.