ഇടുക്കി: മത്സ്യ കൃഷിയിൽ വിജയഗാഥാ രചിച്ച് ഇടുക്കി ജില്ലയിലെ യുവകർഷകനായ തെങ്ങുംകുടിയിൽ ജെയിംസ്. 12 കുളങ്ങളിലായി നടത്തുന്ന മത്സ്യ കൃഷിക്ക് തുടർച്ചയായി രണ്ടാം തവണയാണ് ശുദ്ധജലമൽസ്യ കർഷകനുള്ള ജില്ലാതല അവാർഡിന് തേടിയെത്തിരിക്കുന്നത്.
നാലരയേക്കർ വരുന്ന പാടശേഖരത്തിൽ 12 കുളങ്ങൾ നിർമ്മിച്ച് രണ്ട് വർഷത്തിൽ തുടക്കം കുറിച്ച മൽസ്യ കൃഷിയിൽ ജില്ലയിലെ തന്നെ മികച്ച മത്സ്യ കർഷകനാകുവാൻ ചുരുങ്ങിയ നാളുകൾ കൊണ്ട് ജെയിംസിന് സാധിച്ചു. രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം കൃഷി ജീവിതചരിയയാക്കിയ ജെയിംസിനെ തേടി തുടർച്ചയായി രണ്ടാം തവണയാണ് ശുദ്ധജലമത്സ്യ കർഷകനുള്ള ഫിഷറീസ് വകുപ്പിന്റെ അവാർഡ് ലഭിക്കുന്നത്. കട്ടള, രോഹു, ഗ്രാസ്‌കാർപ്, ഗോൾഡ് ഫിഷ്, കോമൺ കാർപ്പ്, ചേർമീൻ, അറ്റുകൊഞ്ച്, കരിമീൻ, ഞട്ട്, ഹിഫറ്റ് തിലോപ്പിയ തുടങ്ങിയ വിവിധ ഇനം മത്സ്യങ്ങളാണ് കൃഷി ചെയ്‌തു വരുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് വിളവെടുക്കുന്നത്. തുടർന്ന് വീണ്ടും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കും ഫിഷറീസ് വകുപ്പിന്റെ സഹായസഹകരണത്തോടെയാണ് മത്സ്യ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്.
മത്സ്യ കൃഷി കൂടാതെ ഡയറി ഫാമും പച്ചക്കറി കൃഷികളും ചെയ്‌തു വരുന്നു. പശുവളർത്തൽ ആരംഭിച്ച് ആറു മാസത്തിനുള്ളിൽ ഏഴായിരം ലിറ്റർ പാൽ അളക്കുവാനും ഈ കർഷകന് സാധിച്ചു. വരും നാളുകളിൽ മത്സ്യ കൃഷിക്കൊപ്പം കോഴി, താറാവ്, കാട എന്നിവയെ ഉൾപ്പെടുത്തി സമ്മിശ്രകൃഷികൾ തുടങ്ങുവാനുള്ള തയാറെടുപ്പിലാണ് ജെയിംസ്. വിവിധ കൃഷികൾക്കൊപ്പം സേനാപതി സർവീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും ഫിഷറീസ് വകുപ്പിന്റെ ജില്ലാ കോഡിനേറ്ററായും, രാഷട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിച്ചു വരുന്നു.