ഇടുക്കി: സുഗന്ധ വ്യജ്ഞനങ്ങളിലെ റാണിയായ ഏലത്തിന്‍റെ വില തകര്‍ച്ചയില്‍ വലഞ്ഞ് ഇടുക്കിയിലെ ഏലം കര്‍ഷകര്‍. വില തകര്‍ച്ചക്ക് കാരണം സ്‌പൈസ് ബോര്‍ഡാണെന്ന് പരാതി. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.
കാര്‍ഷികവൃത്തി മാത്രം ഉപജീവനം തേടുന്ന നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഏലം വില തകര്‍ച്ച വലിയൊരു വെല്ലുവിളിയാണ്. ഏലത്തിന്‍റെ വില കൂപ്പു കുത്തിയിട്ടും വിഷയത്തില്‍ സ്‌പൈസ് ബോര്‍ഡ് കാര്യമായി ഇടപെടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. നിലവിലെ സ്‌പൈസ് ബോര്‍ഡ് നിയമമനുസരിച്ച് ഏലത്തിന്‍റെ ഉല്‍പാദന, വിതരണ കാര്യങ്ങള്‍ സ്‌പൈസ് ബോര്‍ഡിന്‍റെ ഉത്തരവാദിത്വമാണ്.
ഏലത്തിന്‍റെ തുടര്‍ച്ചയായ വില തകര്‍ച്ചയെ തുടര്‍ന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും വിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വില തകര്‍ച്ചക്ക് കാരണം സ്‌പൈസ് ബോര്‍ഡാണെന്ന് ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. മാത്രമല്ല കാലാവസ്ഥ വ്യതിയാനവും അമിത മഴയും മണ്ണിടിച്ചിലുമൊക്കെ കര്‍ഷകര്‍ക്ക് വിനയായി. അമിത മഴയില്‍ കൃഷി വിളകളില്‍ രോഗങ്ങള്‍ വര്‍ധിച്ചതും തിരിച്ചടിയായി.
മാത്രവുമല്ല കച്ചവടകാരുടെയും ലേല കേന്ദ്രങ്ങളുടെയും ചൂഷണവും കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കി. നൂറു കിലോ ഏലം കച്ചവടക്കാര്‍ വാങ്ങിക്കുകയാണെങ്കില്‍ ഒരു കിലോ സാമ്പിള്‍ എന്ന പേരില്‍ അവരെടുക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ഇത്തരത്തില്‍ ഏലം കൃഷിയുടെ കാര്യത്തിലെ സ്‌പൈസ് ബോര്‍ഡിന്‍റെ കെടുകാര്യസ്ഥതക്കും കര്‍ഷകരെ ചൂഷണം ചെയ്യുന്ന സാമ്പിള്‍ സംവിധാനത്തിനുമെതിരെയാണ് കര്‍ഷകര്‍ കോടതിയെ സമീപിക്കുന്നത്.
also read: കൃഷിക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ചുകള്‍ ; വലഞ്ഞ് കര്‍ഷകര്‍