ഇടുക്കി : കാട്ടാനയ്‌ക്കൊപ്പം ഹൈറേഞ്ചിന്‍റെ കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാവുകയാണ് കാട്ടുപന്നി ശല്യം. ഹൈറേഞ്ചിന്‍റെ ഒട്ടുമിക്ക മേഖലകളിലും കാട്ടുപന്നിയുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കിയ കപ്പയും വാഴയുമടക്കമുള്ള തന്നാണ്ട് വിളകള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായതോടെ വലിയ നഷ്‌ടം സംഭവിച്ച കര്‍ഷകനാണ് അടിമാലി മച്ചിപ്ലാവ് സ്വദേശിയായ ജോളി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ കപ്പ കൃഷി വലിയ തോതില്‍ നശിച്ചു. പ്രതിസന്ധികള്‍ക്കിടയിലും കൃഷിയിലൂടെ മുന്നോട്ട് പോകാമെന്ന് കരുതിയിരിക്കവെയാണ് കാട്ടുപന്നി ശല്യം. അര്‍ഹമായ നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിനൊപ്പം കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്നുമാണ് ജോളിയുടെ ആവശ്യം.
ഹൈറേഞ്ച് മേഖലയില്‍ കാട്ടുപന്നി ശല്യം വര്‍ധിച്ചതോടെ കപ്പയും വാഴയുമടക്കമുള്ള തന്നാണ്ട് വിളകള്‍ കൃഷിയിറക്കുന്നതില്‍ നിന്നും കര്‍ഷകര്‍ പിന്നോക്കം പോയിട്ടുണ്ട്. ഉപദ്രവകാരികളായ കാട്ടുപന്നികളെ തുരത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് വേണ്ടവിധം ഫലം ചെയ്‌തിട്ടില്ലെന്ന പരാതിയും ഉയരുന്നു. കാട്ടുപന്നികളുടെ എണ്ണം വര്‍ധിച്ചതോടെ ജനവാസ മേഖലകളിലേക്ക് കൂടുതലായി അവ വിഹരിക്കുന്ന സാഹചര്യമാണ് കര്‍ഷകരെ വലയ്ക്കുന്നത്.