ഇടുക്കി: ഏലക്ക വിലയിടിവില്‍ മനം നൊന്ത് ഇടുക്കിയില്‍ കര്‍ഷകന്‍ ഏലചെടികള്‍ വെട്ടി കളഞ്ഞു. നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശിയായ നടുവത്തിചിറ ബിജുവാണ് വര്‍ഷങ്ങളായി പരിപാലിച്ചുവരുന്ന തന്‍റെ തോട്ടത്തിലെ ചെടികള്‍ വെട്ടി നീക്കിയത്. വിൽപനക്കായി എത്തിച്ച ഏലക്കായ്ക്ക് ഭേദപെട്ട വില ലഭിക്കാതെ വന്നതോടെയാണ് കര്‍ഷകന്‍ ഏലചെടികള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ചത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിജു കോമ്പയാറിന് സമീപം സ്ഥലം വാങ്ങി ഏലം കൃഷി ആരംഭിച്ചത്. കൃഷിക്കും ജലസേചനത്തിനും ഗതാഗത സൗകര്യങ്ങള്‍ക്കുമായി വന്‍ തുക മുടക്കുകയും ചെയ്‌തു. എന്നാല്‍ നിലവിലെ കനത്ത വിലയിടിവ് വന്‍ പ്രതിസന്ധിയാണ് ഏലം മേഖലയില്‍ സൃഷ്‌ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനായി 25 കിലോ ഏലക്ക വില്‍ക്കാൻ ബിജു വിവിധ മലഞ്ചരക്ക് വ്യാപര സ്ഥാപനങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ പരമാവധി 600 മുതല്‍ 700 രൂപ വരെയാണ് പലരും വില പറഞ്ഞത്. ഈ തുക ലഭിക്കുന്നതിനായി ദിവസങ്ങളോളം കാലതാമസവും വരും. ഇതോടെയാണ് കൃഷിയിടത്തിലെ ഏലചെടികള്‍ വെട്ടിമാറ്റാന്‍ ബിജു തീരുമാനിച്ചത്.
തൊഴിലാളികളുടെ സഹായത്തോടെ ഏലചെടികള്‍ വെട്ടിമാറ്റുന്നതറിഞ്ഞെത്തിയ സുഹൃത്തുക്കള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം സംസാരിച്ചാണ് ബിജുവിനെ അനുനയിപ്പിച്ചത്. എന്നാൽ സുഹൃത്തുക്കൾ എത്തുന്നതിന് മുന്നേ തന്നെ രണ്ടേക്കറോളം സ്ഥലത്തെ ഏലച്ചെടികൾ ഇയാൾ വെട്ടിമാറ്റിയിരുന്നു.
പൂര്‍ണമായും ജൈവ രീതികള്‍ അവലംബിച്ചാണ് ബിജു കൃഷി ചെയ്യുന്നത്. 1200 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമെ ഏലകൃഷി ലാഭകരമാകു. സ്‌പൈസസ് ബോര്‍ഡും സര്‍ക്കാരും അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ നിരവധി ഏലം കർഷകർക്ക് കൃഷിയില്‍ നിന്നും പിന്‍മാറേണ്ടി വരുമെന്നും ബിജു പറയുന്നു. നിലിവിൽ ഇടവിളയായി ആരംഭിച്ച പയറിനൊപ്പം കാന്താരി, കപ്പ തുടങ്ങിയവ നട്ട് പരിപാലിക്കാനാണ് തീരുമാനം.