ഇടുക്കി: കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്‌ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്. പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ഗോത്രവർഗ കമ്മിഷന്‍റെ നിര്‍ദേശം. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെയാണ് വനംവകുപ്പ് കള്ളക്കേസില്‍ പെടുത്തിയിരുന്നത്.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തി വിൽപന നടത്തി എന്നാരോപിച്ച് സെപ്റ്റംബര്‍ 20നാണ് സരുൺ സജിയെ കിഴുക്കാനം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അനിൽ കുമാറും സംഘവും അറസ്റ്റുചെയ്‌തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സരുൺ സജി എസ്‌സി എസ്‌ടി കമ്മിഷന് പരാതി നൽകിയതോടെയാണ് നടപടി.
ഡിവൈഎസ്‌പി ഹാജരാകാത്തതിൽ കമ്മിഷന് അതൃപ്‌തി: കുമളിയിൽ നടന്ന സിറ്റിങില്‍ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അധ്യക്ഷൻ വിഎസ് മാവോജി പൊലീസിന് നിർദേശം നൽകിയത്. കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം ക്രിമിനൽ കേസെടുക്കണമെന്നാണ് നിർദേശം. തുടർ നടപടികൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും പീരുമേട് ഡിവൈഎസ്‌പിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
മുൻകൂട്ടി അറിയിച്ചിട്ടും പീരുമേട് ഡിവൈഎസ്‌പി ഹാജരാകാത്തതിൽ കമ്മിഷൻ അതൃപ്‌തി രേഖപ്പെടുത്തി. അദാലത്തില്‍ പങ്കെടുക്കരുത്, നഷ്‌ടപരിഹാരം നല്‍കാം, കേസ് പിൻവലിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി സരുൺ സജി പറഞ്ഞു.
ALSO READ| ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: ആറ് വനപാലകര്‍ക്ക് സസ്പെൻഷൻ, കുടുംബം നിരാഹാര സമരം തുടരുന്നു
മേലുദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കള്ളക്കേസാണെന്ന് ബോധ്യമായിട്ടും യുവാവിനെതിരെയുള്ള കേസ് പിൻവലിക്കാത്തത് എന്തുകൊണ്ടാണെന്ന് വനം വകുപ്പിന് വേണ്ടി ഹാജരായ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രനോട് കമ്മിഷൻ ആരാഞ്ഞു. പിടികൂടിയ ഇറച്ചിയുടെ പരിശോധന ഫലം വരാത്തതിനാലാണ് തുടർനടപടി സ്വകരിക്കാത്തതെന്നാണ് വനം വകുപ്പിന്‍റെ മറുപടി. വനം വകുപ്പ് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാനും കമ്മിഷൻ നിർദേശം നൽകി.