ഇടുക്കി: ലോക്ഡൗണിൽ ഇടുക്കിയിലെ അതിര്‍ത്തി മേഖലകളില്‍ വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമാകുന്നു. തരിശ് ഭൂമിയും വന മേഖലകളും ഒഴിവാക്കി കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ചാരായം വില്പനയുമുണ്ട്.
കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഇടുക്കി ജില്ലയില്‍ 5200 ലിറ്ററിലധികം കോടയാണ് കണ്ടെത്തി നശിപ്പിച്ചത്. 33 ലിറ്ററിലധികം ചാരായവും പിടികൂടി. അതിര്‍ത്തി മേഖലയായ ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ റേഞ്ച് ഓഫീസ് പരിധിയിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉടുമ്പന്‍ചോല റേഞ്ച് പരിധിയില്‍ മാത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Also Read: കോഴിക്കോട് സാധാരണക്കാരന് തുണയായി ജനകീയ ഹോട്ടലുകൾ
കഴിഞ്ഞ ലോക്ക്ഡൗണിനേക്കാള്‍ വ്യാജവാറ്റ് ലോബി ഇത്തവണ കൂടുതല്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് ശേഷം ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. വന മേഖലകളും കുറ്റിക്കാടുകളും ദുര്‍ഘട പ്രദേശങ്ങളും ഒഴിവാക്കി കൃഷിയിടങ്ങളിലും തോട്ടങ്ങളിലുമാണ് ഇത്തവണ വ്യാജ വാറ്റ് കൂടുതലായി നടക്കുന്നത്.
ഏജന്റുകള്‍ മുഖേന ആവശ്യക്കാര്‍ക്ക് ചാരായം എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്. വിദേശ മദ്യവും സ്റ്റോക്ക് ചെയ്ത് കൂടിയ വിലയ്ക്ക് വില്‍പന നടത്തുന്നുണ്ട്. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ ശര്‍ക്കരയുടെ വില്പനയും വര്‍ദ്ധിച്ചു. രഹസ്യ സൂചനകളുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധനയാണ് എക്‌സൈസ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസം അനധികൃത വിദേശ മദ്യ വില്‍പ്പന പിടികൂടിയ സാഹചര്യത്തില്‍ നെടുങ്കണ്ടം, രാജാക്കാട് മേഖലകളിലെ ബാറുകളില്‍ എക്‌സൈസ് മിന്നല്‍ പരിശോധന നടത്തി.