ഇടുക്കി: ചിത്തിരപുരം ഹോംസ്റ്റേയില്‍ വ്യാജമദ്യം കഴിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഹോംസ്റ്റേ ഉടമയുടെ ഡ്രൈവറായിരുന്ന കാസര്‍കോട് സ്വദേശി ജോബിയാണ് (33) മരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. മറ്റ് രണ്ടു പേരുടെ നില ഗുരുതമായി തുടരുകയാണ്.
കഴിഞ്ഞ മാസം 29നാണ് ഇടുക്കി ചിത്തിരപുരത്ത് മദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിലായത്. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരെ അങ്കമാലിയിലെയും കോലഞ്ചേരിയിലെയും ആശുപത്രികളിലേക്കാണ് മാറ്റിയത്. ഹോം സ്റ്റേ ഉടമയായ തങ്കപ്പന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. അതേ സമയം തൃശൂർ സ്വദേശി മനോജ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇയാളെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.
മനോജ് കൊണ്ടുവന്ന മദ്യം 28ന് ഞായറാഴ്ച രാത്രിയോടെ മൂവരും തേൻ ചേർത്ത് കഴിക്കുകയായിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ തങ്കപ്പന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവമായി ബന്ധപെട്ട് വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.