ഇടുക്കി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ പഠനത്തിന് ആദിവാസി ഊരുകളില്‍ പാഠപുസ്തകങ്ങളെത്തിച്ച് ദേവികുളം എക്‌സൈസ് ഉദ്യോഗസ്ഥര്‍. കുറത്തിക്കുടി, ഇടമലക്കുടിയുടെ ഭാഗമായ മീന്‍കുത്തിക്കുടി, മറയൂര്‍, കാന്തല്ലൂര്‍, ചിന്നാര്‍, വട്ടവട, ചിന്നക്കനാല്‍, മാങ്കുളം, ആനക്കുളം,അടിമാലി തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കാണ് ദേവികുളത്തെ ജനമൈത്രി എക്‌സൈസിന്‍റെ ഇടപെടലിലൂടെ പുസ്തകങ്ങള്‍ ലഭിക്കും.
ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്‍റുമായി സഹകരിച്ചാണ് ജനമൈത്രി എക്‌സൈസിന്‍റെ നടപടി. പാലക്കാടും കോട്ടയവുമുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ചില ഹോസ്റ്റലുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമാണ് പുസ്‌തകങ്ങള്‍ ശേഖരിച്ചത്. കൊവിഡ് സുരക്ഷ മുന്‍കരുതലുകളോടെ വിവിധ ഊരുകളില്‍ സന്ദര്‍ശനം നടത്തി ജനമൈത്രി എക്‌സൈസ് കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച് നിരീക്ഷണം നടത്തിയിരുന്നു.