ഇടുക്കി: അതിഥി തൊഴിലാളിയെ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച തൊഴിലുടമ അറസ്റ്റിൽ. കരുണാപുരം ഇഷ്‌ടിക നിർമാണ ശാലയിൽ ജോലി ചെയ്തിരുന്ന നേപ്പാളി സ്വദേശിയായ ലാൽ കിഷോർ ചൗധരിയ്ക്കാണ് (25) തലയ്ക്ക് അടിയേറ്റത്. ലോക്ക്‌ഡൗണിനെ തുടർന്ന് പണി ഇല്ലാതായതോടെ നാട്ടിലേക്ക് തിരിച്ചു പോകാൻ വണ്ടിക്കൂലി ചോദിച്ചതിനെ തുടർന്നായിരുന്നു സ്ഥാപന ഉടമയുടെ ആക്രമണം. സംഭവത്തിൽ നാകുഴിക്കാട്ട് ബിജു സ്‌കറിയയെ (45) ആണ് അറസ്റ്റ് ചെയ്‌തത്.
അതിഥി തൊഴിലാളികളോട് തൊഴിലുടമയുടെ ക്രൂരത
ചൊവ്വാഴ്‌ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. അഞ്ചുവർഷമായി കരുണാപുരത്തെ ഇഷ്‌ടിക നിർമാണ ശാലയിൽ ജോലി ചെയ്തിരുന്ന നേപ്പാളി സ്വദേശികളായ അഞ്ചംഗസംഘം നാട്ടിലേക്ക് തിരികെ പോകുന്നതിന് ബിജു സ്‌കറിയയോട് വണ്ടിക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരികെ പോകാനാകില്ലെന്ന് ബിജു അറിയിച്ചതിനെത്തുടർന്ന് വാക്കേറ്റമുണ്ടായി.
ഇതിനുശേഷം കരുണാപുരം ടൗണിൽ എത്തിയ അതിഥി തൊഴിലാളികൾക്ക് നേരെ ബിജു കാറിടിച്ചുകയറ്റാൻ ശ്രമിച്ചു. തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി. നാട്ടുകാർ ബിജുവിനെ തടഞ്ഞു വെച്ചതിനെ തുടർന്ന് കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തെങ്കിലും എട്ടുമണിയോടെ ജാമ്യത്തിൽ വിട്ടയച്ചു.
ALSO READ: മദ്യവിൽപനയിലെ സംഘർഷത്തെ തുടർന്ന് വെടിവയ്‌പ്; രണ്ട് പേർ അറസ്റ്റിൽ
ഇതിനു ശേഷം തിരികെ ഇഷ്‌ടിക നിർമാണ ശാലയിൽ എത്തിയ ബിജു കത്തി ഉപയോഗിച്ച് തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. ആക്രമണത്തിൽ നിന്ന് കുതറിയോടുവാൻ ശ്രമിക്കുന്നതിനിടയിൽ ലാൽ കിഷോർ ചൗധരിയെ ഹെൽമറ്റിന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ തൊഴിലാളിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുള്ളവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ആയുധമുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക, ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച പ്രതിരക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.