ഇടുക്കി: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വസ്‌തുക്കൾ അധികൃതർ നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പോസ്റ്ററുകളും കട്ടൗട്ടുകളും വ്യാപകമായി നശിപ്പിക്കുന്നതായാണ് ആക്ഷേപം. യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ പോസ്റ്ററുകൾക്ക് ഇടയിൽ വെച്ചിട്ടുള്ള എൻഡിഎ സ്ഥാനാർഥി സന്തോഷ് മാധവന്‍റെ പോസ്റ്ററുകൾ അധികൃതർ അകാരണമായി നശിപ്പിച്ചുവെന്നാണ് പരാതി.
മറ്റ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടായിട്ടില്ല. ഇത് കരുതിക്കൂട്ടി ചെയ്യുന്നതാണെന്നാണ് ബിജെപി പ്രവർത്തകരുടെ ആക്ഷേപം. പോസ്റ്ററുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. അല്ലെങ്കിൽ, ഉദ്യോഗസ്ഥർ അത് കണ്ടെത്തുന്ന മുറയ്ക്ക് തങ്ങളെ അറിയിച്ചാൽ എടുത്തു മാറ്റാൻ സാധിക്കും. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കട്ടൗട്ടുകൾ ഉൾപ്പെടെ കീറി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ഇലക്ഷൻ കമ്മിഷന് പരാതി നൽകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.