ഇടുക്കി : അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബെഹ്‌ഷെറ്റ്‌സ് ട്യൂമര്‍ ബാധിച്ച് ശരീരം നുറുങ്ങുന്ന വേദനയിലും അറിവിന്‍റെ ലോകങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുകയാണ് നെടുങ്കണ്ടം സ്വദേശിയായ 23കാരി. നെടുങ്കണ്ടം പൂവത്തുംമൂട്ടില്‍ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂത്ത മകള്‍ എല്‍ബെറ്റ് റോസ് എബ്രഹാമാണ് രോഗം ബാധിച്ച് കഷ്‌ടതയനുഭവിക്കുന്നത്. ചെറുപ്പം മുതല്‍ ഡോക്‌ടറാവണമെന്നമെന്നായിരുന്നു എല്‍ബെെറ്റിന്‍റെ ആഗ്രഹം.
പ്ലസ് ടു പഠന ശേഷം അതിനായി തയ്യാറാകണമെന്ന് തീരുമാനിച്ചിരിക്കെയാണ് 2017ല്‍ തനിക്ക് ബെഹ്ഷെറ്റ്‌സ് ട്യൂമറാണെന്ന് എല്‍ബെറ്റ് തിരിച്ചറിയുന്നത്. ഞരമ്പുകളില്‍ മുഴകള്‍ രൂപപ്പെടുകയും ശരീരം മുഴുവന്‍ നീര് വെയ്ക്കുകയും മൂക്കില്‍ നിന്ന് രക്തമൊഴുകുകയും ചെയ്യുന്നതാണ് ബെഹ്‌ഷെറ്റ്‌സ് ട്യൂമറിന്‍റെ ലക്ഷണങ്ങള്‍. അസഹ്യമായ വേദനയാണ് മിക്ക ദിവസങ്ങളിലും എല്‍ബെറ്റ് അനുഭവിക്കുന്നത്.
അതുകൊണ്ടുതന്നെ മെഡിസിന്‍ പഠനമെന്ന സ്വപ്‌നം മാറ്റിവച്ച് പ്ലസ് ടുവിന് ശേഷം ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് ചേരുകയായിരുന്നു. കഴിയുന്നത്ര കോളജില്‍ പോയി പഠനവും നടത്തി. അമിതമായ വേദന കാരണം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നുമില്ല. അത്തരം സമയങ്ങളില്‍ എല്ലാം കൈത്താങ്ങാവുന്നത് കോളജിലെ അധ്യാപകരും സുഹൃത്തുക്കളുമാണ് . പഠനത്തിന് മാത്രമല്ല ചികിത്സ നല്‍കാനും ഇവരുടെ സഹായം എല്‍ബെറ്റിന് ലഭിക്കാറുണ്ട്. കോളജില്‍ പോകാനാവാത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് തന്നെയാണ് എല്‍ബെറ്റിന്‍റെ പഠനം. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അസുഖം ഭേദപ്പെടുമ്പോള്‍ എം.ബി.ബി എസിന് പഠിക്കണമെന്ന് തന്നെയാണ് എല്‍ബെറ്റിന്‍റെ ആഗ്രഹം.
തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജിലാണ് നിലവില്‍ എല്‍ബെറ്റിനെ ചികിത്സിക്കുന്നത്. ഒരു മാസത്തില്‍ രണ്ട് ഇഞ്ചക്ഷന്‍ വീതം നല്‍കണം. അത്തരത്തില്‍ തുടര്‍ച്ചയായി 12 ഇഞ്ചക്ഷന്‍ കൃത്യമായെടുത്താല്‍ രോഗത്തിന് ഒരു പരിധി വരെ ആശ്വാസമുണ്ടാകുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഒരു ഇഞ്ചക്ഷന്‍ നല്‍കുന്നതിന് 25,000 രൂപയാണ് ചെലവ് വരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇഞ്ചക്ഷന്‍ നല്‍കിയിരുന്നെങ്കിലും ആറ് ഇഞ്ചക്ഷന്‍ പൂര്‍ത്തിയാക്കാനേ കുടുംബത്തിനായുള്ളൂ. സാമ്പത്തിക പരാധീനതകള്‍ കാരണം ബാക്കിയുള്ളവ നല്‍കാനായില്ല. പന്ത്രണ്ട് ഇഞ്ചക്ഷനും പൂര്‍ത്തിയാക്കിയാലും മരുന്ന് തുടരുകയും വേണം. ഇത്തരത്തില്‍ ഒരുമാസത്തേക്ക് മരുന്നിനും ഇഞ്ചക്ഷനും മറ്റ് പരിശോധനകള്‍ക്കുമായി പതിനായിരക്കണക്കിന് രൂപയുടെ ചിലവാണ് വരുന്നത്. സ്വന്തമായി കിടപ്പാടം പോലും ഒരുക്കാന്‍ കഴിയാത്ത എല്‍ബെറ്റിന്‍റെ കുടുംബം നിലവില്‍ ഇടവക ദേവാലയം നിര്‍മിച്ച് നല്‍കിയ വീട്ടിലാണ് കഴിയുന്നത്.
കടം വാങ്ങിയും നാട്ടുകാരുടെ സഹായത്താലുമാണ് ഇതുവരെ ചികിത്സ നടത്തിയത്. കൂലിപ്പണിക്കാരനായ എല്‍ബെറ്റിന്‍റെ അച്ഛന് ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറമാണ്. പണം കണ്ടെത്താന്‍ എല്‍ബെറ്റിന്‍റെ പേരില്‍ നെടുങ്കണ്ടം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
പേര്: എല്‍ബെറ്റ് റോസ് എബ്രഹാം
അക്കൗണ്ട് നമ്പര്‍: 0678053000004879
ഐഎഫ്എസ് സി കോഡ്: SIBIL0000678 സൗത്ത് ഇന്ത്യന്‍ ബാങ്ക്
നെടുങ്കണ്ടം ശാഖ
Google pay: 6238700216
സന്മനസുള്ളവര്‍ക്ക് എല്‍ബെറ്റിന്‍റെ ചികിത്സയ്ക്കായി ഈ അക്കൗണ്ടിലേക്ക് സഹായങ്ങളയക്കാവുന്നതാണ്. അസുഖങ്ങളെല്ലാം മാറി തന്‍റെ സ്വപ്‌നങ്ങളെ കൈപ്പിടിയിലൊതുക്കി കുടുംബത്തിന് അത്താണിയാവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോഴും എല്‍ബെറ്റ് റോസ്.