ഇടുക്കി: ലോക്ക്ഡൗണില്‍ ബോട്ടില്‍ ആർട്ടും ചിത്രരചനയും മുതല്‍ പാചക പരീക്ഷണം വരെ നാം കണ്ടും കേട്ടും കഴിഞ്ഞു. എന്നാല്‍ തൊടുപുഴയില്‍ നിന്ന് വരുന്നത് ഇതൊന്നുമല്ലാത്തൊരു കഥയാണ്. പേര് ആൻഡ്രിയ. പഠിക്കുന്നത് മൂന്നാം ക്ലാസില്‍. ഓൺലൈൻ പഠനത്തിന്‍റെ ഇടവേളകളില്‍ ആൻഡ്രിയ യൂട്യൂബിൽ ജിംനാസ്റ്റിക്‌സ് താരങ്ങളുടെ പ്രകടനം കണ്ടു തുടങ്ങി. പതിയെ അഭ്യാസങ്ങൾ അനുകരിച്ചുതുടങ്ങി.
അഭ്യാസിയായ ആൻഡ്രിയ
ശരീരം പതിയെ വഴങ്ങി തുടങ്ങിയതോടെ പ്രകടനങ്ങൾ ഓരോന്നായി ആൻഡ്രിയ സ്വായത്തമാക്കി. നിലവിൽ എട്ടോളം അഭ്യാസങ്ങൾ അസാമാന്യ മെയ്‌വഴക്കത്തോടെ ആൻഡ്രിയ അവതരിപ്പിക്കും.
ആദ്യമൊക്കെ ആൻഡ്രിയയുടെ ജിംനാസ്റ്റിക്‌സിലെ പ്രകടനങ്ങൾ മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, മകളുടെ കഴിവ് തിരിച്ചറിഞ്ഞ് മാതാപിതാക്കളും പിന്തുണ പ്രഖ്യാപിച്ചതോടെ ആൻഡ്രിയ ജിംനാസ്റ്റിക്‌സില്‍ മിടുക്കിയായി. ഇനി മികച്ച പരിശീലനം നല്‍കി മകളെ ജിംനാസ്റ്റിക്‌സ് താരമാക്കി മാറ്റണം എന്നാണ് രക്ഷിതാക്കളുടെ ആഗ്രഹം.
സിനിമയിലും താരം
ജിംനാസ്റ്റിക്‌സ് മാത്രമല്ല സിനിമയിലും ആൻഡ്രിയ താരമാണ്. ചിത്രീകരണം പൂർത്തിയായി പുറത്തിറങ്ങാനുള്ള കോട എന്ന സിനിമയിൽ നടൻ ശ്രീജിത്ത് രവിയുടെ മകളായി പ്രധാന വേഷത്തിലും ആൻഡ്രിയയുണ്ട്.
Also Read: സൽമാൻ ഖാനുമായുള്ള സൗഹൃദം ഇപ്പോഴും നഷ്‌ടപ്പെട്ടിട്ടില്ല : തുറന്നു പറഞ്ഞ് സംഗീത ബിജ്‌ലാനി