ഇടുക്കി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്ത്. ഉത്തരവ് പരിസ്ഥിതി സംഘടനകളും വനംവകുപ്പും നടത്തുന്ന ഗൂഢ നീക്കങ്ങളുടെ ഭാഗമായുണ്ടായതാണെന്നും ഈ വിധി അംഗീകരിക്കില്ലെന്നും സമിതി വ്യക്തമാക്കി. വിധിയെ ശക്തമായി എതിര്‍ക്കുമെന്ന് സംരക്ഷണ സമതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.
കസ്‌തൂരിരംഗന്‍ സമരത്തെക്കാള്‍ വലിയ കര്‍ഷക സമരത്തിന് സംസ്ഥാനം സാക്ഷിയാകുമെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രസ്ഥാവന നടത്തിയാല്‍ മാത്രം പോര. വിധി നടപ്പിലാക്കാന്‍ പറ്റില്ലെന്ന് നിലപാട് എടുക്കണം. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താന്‍ സംസ്ഥാനം തയാറാകണം. കേന്ദ്ര സർക്കാർ കോടതി വിധി മറികടക്കാൻ പുതിയ നിയമമുണ്ടാക്കണം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒരുമിച്ച് നിന്ന് പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈറേഞ്ച് സംരക്ഷണസമിതി സമരം തുടങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തരവ് നടപ്പിലാക്കിയാല്‍ ഇടുക്കി ജില്ലയുടെ മുഴുവന്‍ ഭാഗവും ബഫര്‍ സോണാകും. ഇത് ഇടുക്കിയെ വിഴുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.