ഇടുക്കി: 2017 ജൂലൈയിലാണ് മതികെട്ടാന്‍ ചോലയുടെ രാജാവായ അരിക്കൊമ്പനെ പിടികൂടാന്‍ മുന്‍പ് വനം വകുപ്പ് ശ്രമിച്ചത്. ഡോക്‌ടര്‍മാരും വനം വകുപ്പ് ജീവനക്കാരും ഉള്‍പ്പടെ നൂറോളം വരുന്ന സംഘം പത്ത് ദിവസം ആനയെ നിരീക്ഷിച്ചു. തുടര്‍ന്ന് ജൂലൈ 25ന് രാവിലെ ആറിന് മയക്കുവെടി വയ്ക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചു.
ഡോ. അരുണ്‍ സഖറിയയ്ക്കും പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ സേവനം അനുഷ്‌ടിച്ചിരുന്ന ഡോ. അബ്‌ദുള്‍ ഫത്തയ്ക്കുമായിരുന്നു മയക്കുവെടി ഉതിര്‍ക്കുന്നതിനുള്ള ചുമതല. മൂന്ന് തവണ ശ്രമിച്ചാണ് അനുയോജ്യമായ സ്ഥലത്ത് എത്തിച്ച് ആദ്യ മയക്കുവെടി ഉതിര്‍ത്തത്. അരിക്കൊമ്പന്‍ കുറച്ച് നേരം മയങ്ങി നിന്നെങ്കിലും പിന്നീട് ഓടി.
സന്ധ്യ മയങ്ങിയതോടെ ആദ്യ ദിനത്തിലെ ദൗത്യം അവസാനിപ്പിയ്ക്കുകയായിരുന്നു. രാത്രി വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ച് ആന കിലോമീറ്ററുകള്‍ നടന്നു. രണ്ടാം ദിനത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സിമന്‍റ് പാലത്തും സമീപ മേഖലകളിലും വച്ച് മയക്കുവെടികള്‍ വച്ചു.
ആന കുറച്ച് നേരം മയങ്ങി നിന്നെങ്കിലും മലമുകളിലേയ്ക്ക് കയറിയതിനാല്‍ പിടികൂടുക എന്നത് അസാധ്യമായി. തമിഴ്‌നാട് മുതുമലയില്‍ നിന്നെത്തിച്ച കലിം, വെങ്കിടേഷ് എന്നീ കുങ്കിയാനകളാണ് പ്രധാനമായും ദൗത്യത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തില്‍ കയറ്റാന്‍ സാധിയ്ക്കാതെ വന്നതോടെ റേഡിയോ കോളര്‍ ഘടിപ്പിയ്ക്കാന്‍ ശ്രമം നടന്നു.
എന്നാല്‍ കുങ്കിയാനയായ കലിമിനോട് അരിക്കൊമ്പന്‍ സഹകരിയ്ക്കാതെ വന്നതോടെ അതും ഉപേക്ഷിച്ചു. ആന ക്യാമ്പില്‍ നിന്നെത്തിയ പാപ്പാന്‍ കൊമ്പന്‍റെ കാലില്‍ വടം ബന്ധിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. തുടര്‍ന്ന് വനം വകുപ്പ് പദ്ധതി ഉപേക്ഷിയ്ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ആനയിറങ്കലില്‍ എത്തി വെള്ളം കുടിച്ച് അരിക്കൊമ്പന്‍ കാട് കയറി.
ഇത്തവണ പ്ലാന്‍ മാറ്റി വനംവകുപ്പ്: കഴിഞ്ഞ തവണ ആനയെ പിന്തുടര്‍ന്ന് വെടി വയ്ക്കാനാണ് ശ്രമിച്ചതെങ്കില്‍ ഇത്തവണ ബലഹീനതകള്‍ മനസിലാക്കി സിമന്‍റ് പാലത്തേയ്ക്ക് ആകര്‍ഷിയ്ക്കാനുള്ള വനം വകുപ്പിന്‍റെ ശ്രമം വിജയിക്കുമെന്ന് തന്നെയാണ് അന്ന് ദൗത്യത്തില്‍ പങ്കാളിയായ ഡോ. അബ്‌ദുള്‍ ഫത്തയുടെ വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ കുങ്കിയാന കലിമും കൂട്ടാളികളും പരാജയപെട്ടിടത്ത് കേരളത്തിന്‍റെ സ്വന്തം കോന്നി സുരേന്ദ്രനും സംഘവും അരിക്കൊമ്പന്‍റെ ചെറുത്ത് നില്‍പ്പുകളെ തോല്‍പ്പിയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
അതേസമയം മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്നാണ് അരിക്കൊമ്പന്‍ ദൗത്യം നടപ്പിലാക്കാന്‍ പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ കോടതി ഇടപെട്ട് ആനയെ പിടികൂടുന്ന ദൗത്യം മാര്‍ച്ച് 29 വരെ സ്റ്റേ ചെയ്‌തു. വന്യ ജീവി സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.
വിഷയത്തില്‍ 29ന് ആയിരിക്കും അടുത്ത കോടതി വിധി. ഈ കോടതി വിധി അനുകൂലമായാല്‍ ഈ മാസം 30ന് അരിക്കൊമ്പന്‍ ദൗത്യം നടപ്പിലാക്കുമെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് അരുണ്‍ ആര്‍ എസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി 29ന് മോക്ക് ഡ്രില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.