ഇടുക്കി : ഇടുക്കിയില്‍ ഇനി അഞ്ച് വിധവ സൗഹൃദ പഞ്ചായത്തുകള്‍. ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ വിധവ സൗഹൃദ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി സി.കെ അബ്ദുള്‍ റഹീം നിര്‍വഹിച്ചു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന വിധവകളായ സ്‌ത്രീകൾക്ക് സുരക്ഷിതത്വവും നിയമ സഹായവും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും എത്തിച്ച് നല്‍കുകയും ഇവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളെയാണ് വിധവ സൗഹൃദ പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരിക്കുന്നത് . ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് വിളംബര റാലിയും ആയുര്‍വേദ - അലോപ്പതി - ഹോമിയോ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കൂടാതെ തൊഴില്‍-ബാങ്കിങ് രംഗത്ത് വിധവകളെ സഹായിക്കുന്നതിനുള്ള ക്യാമ്പും സംഘടിപ്പിച്ചു.