ഇടുക്കി: ഹരിതചട്ടം പാലിക്കുന്ന സർക്കാർ ഓഫീസുകളിൽ ഒന്നാം സ്ഥാനം നേടി ജില്ലാ ആയുർവേദ ആശുപത്രി. സർക്കാർ ഓഫീസുകൾ ഹരിത ചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ജില്ലാ ആയുർവേദ ആശുപത്രിക്കാണ്. 100ൽ 93 മാർക്കാണ് ആശുപത്രിക്ക് ലഭിച്ചത്. വിജയിച്ച ഓഫീസുകളുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ് കൈമാറി. ഒന്നാം സ്ഥാനം നേടിയ സർട്ടിഫിക്കറ്റ് ഡോ. ക്രിസ്റ്റിയും എ ഗ്രേഡ് ലഭിച്ച ജില്ലാ ഇൻഫർമേഷൻ ഓഫീസിനുവേണ്ടി അസിസ്റ്റന്‍റ് എഡിറ്റർ എൻ.ബി ബിജുവും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
സർട്ടിഫിക്കറ്റ് വിതരണത്തിന് ശേഷം ശുചിത്വ മിഷൻ കോർഡിനേറ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹരിതചട്ട പാലനത്തിന്‍റെ നിലവാരമനുസരിച്ച് എ, ബി, സി എന്നീ മൂന്ന് കാറ്റഗറികളിലാണ് ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസുകളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിതകേരളം മിഷന്‍ ജില്ലാ ടീം 132 സ്ഥാപനങ്ങൾ പരിശോധിച്ചു. കൂടാതെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 492 ഘടക സ്ഥാപനങ്ങളിലും പരിശോധന നടത്തി. ജില്ലയിലെ 624 ഓഫീസുകള്‍ക്ക് ഹരിത സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 35 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മസേനയ്ക്കുള്ള ചെക്കും ചടങ്ങിൽ നൽകി.