ഇടുക്കി: ജില്ലയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ഇലക്ഷന്‍റെ മറവിലടക്കം ഹൈറേഞ്ച് മേഖലയില്‍ കയ്യേറ്റങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് മുന്‍പോട്ട് പോകുന്നത്.
വാഗമണ്ണിലെ അടക്കം വന്‍കിട കയ്യേറ്റങ്ങള്‍ തിരിച്ചു പിടിക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഹൈറേഞ്ചിലെ റവന്യൂ ഭൂമികളില്‍ വന്‍തോതില്‍ കയ്യേറ്റങ്ങള്‍ വ്യാപകമായിരുന്നു. പ്രത്യേകിച്ച് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് മാറിയതോടെ ഇത് മുതലെടുത്ത് പുതിയ കയ്യേറ്റങ്ങള്‍ നിരവധി നടത്തിയെന്നാണ് വിലയിരുത്തല്‍.
സേനാപതി സ്വര്‍ഗം മേട്ടിലടക്കം റവന്യൂ വകുപ്പ് കയ്യേറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതേ തുര്‍ന്നാണ് കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ റന്യൂ വകുപ്പ് രംഗത്തെത്തിയത്. ഇത്തരം മേഖലകളിലെ കയ്യേറ്റത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വാഗമണ്ണിലടക്കം വന്‍കിട കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ തിരിച്ച് പിടിക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി.
മുൻകാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കൈവശാവകാശം ഉന്നയിക്കുന്ന വ്യക്തികളുടെയടക്കം സാന്നിധ്യത്തിലാണ് സര്‍വ്വേ നടത്തി സ്ഥലം ഏറ്റെടുക്കുന്നത്. റന്യൂ വകുപ്പ് ഏറ്റെടുത്തതിന് ശേഷവും കയ്യേറ്റക്കാര്‍ കോടതിയെ തെറ്റിധരിപ്പിച്ച് സ്റ്റേ ഓര്‍ഡര്‍ അടക്കം വാങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് എല്ലാ പഴുതുകളും അടച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്ന നടപടിയിലേയ്ക്ക് റവന്യു വകുപ്പ് നീങ്ങുന്നത്.