ഇടുക്കി: വോട്ടവകാശം വിനിയോഗിക്കേണ്ടതിൻ്റെ ആവശ്യകത ട്രോളുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജില്ലാ ഭരണകൂടം. കലക്‌ടറുടെ ഫേസ്ബുക് പേജിലൂടെ പ്രചരിപ്പിക്കുന്ന ട്രോളുകളെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമൻ്റുകളുമുണ്ട്. വോട്ട് ചെയ്യാതെ വീട്ടിലിരിക്കുന്ന മഹേഷ് ഭാവനയോട് ചേട്ടന് ജനാധിപത്യത്തെ കുറിച്ച് വലിയ ധാരണ ഇല്ലല്ലേ എന്ന് ചോദിക്കുന്ന ജിംസി മുതല്‍ വോട്ട് വളരെ സിപിളാണ്, ബട്ട് പവര്‍ഫുള്‍ എന്ന് ഓര്‍മിപ്പിക്കുന്ന വിമല്‍ സാര്‍ വരെയുള്ള ട്രോളുകളാണ് ഇടുക്കി ജില്ലാ കലക്‌ടറുടെ ഔദ്യോഗിക പേജില്‍ നിറഞ്ഞിരിക്കുന്നത്.
വോട്ടവകാശം വിനിയോഗിക്കേണ്ടതിൻ്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്ന സ്വീപ് പദ്ധതിയുടെ ഭാഗമായാണ് ട്രോളുകള്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചിട്ടുമുണ്ട്. അതേസമയം ട്രോളുകള്‍ക്കൊപ്പം ചൂടുപിടിച്ച ചര്‍ച്ചയുമുണ്ട്. കള്ളവോട്ടുകളും ഇരട്ട വോട്ടുകളും തടയാനാകാത്തതെന്ത്, വോട്ട് ചെയ്യാന്‍ പോയില്ലെങ്കിലും ആ വോട്ടൊക്കെ കൃത്യമായി ആരേലും ചെയ്യുന്നുണ്ടല്ലോ എന്നിങ്ങനെ കമൻ്റിലൂടെ നിരവധി ചോദ്യങ്ങളും വിമർശനങ്ങളുമുണ്ട്.