ഇടുക്കി: ഭരണകക്ഷി മെമ്പർമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി മുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പഞ്ചായത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുവാനായി വിളിച്ച് ചേർത്ത കമ്മിറ്റിയിലാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക് പോര് നടന്നത്. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്ക്കരിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ടൗണിൽ പ്രകടനം നടത്തുകയും പഞ്ചായത്തിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഭരണകക്ഷിയുടെ അഴിമതിയാണ് പ്രശ്നത്തിലൂടെ പുറത്തു വരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പഞ്ചായത്തിലെ ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുവാനിരിക്കെയാണ് ഭരണകക്ഷിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്.