ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ചതിന്‍റെ ആഘോഷ പരിപാടികൾ ജില്ലയുടെ വിവിധയിടങ്ങളിൽ നടന്നു. കിടപ്പ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം സംഘടിപ്പിച്ചത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ചത്. ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായരുന്നു നെടുങ്കണ്ടത്ത് നടന്ന ആഘോഷ പരിപാടികൾ.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇടുക്കി ജില്ലയില്‍ 45,000 പട്ടയങ്ങള്‍ വിതരണം ചെയ്‌തതിന് നന്ദി പ്രകാശനമായി അന്ന് പട്ടയം ലഭിച്ച അഞ്ച് കര്‍ഷകരെ ആദരിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായി തോട്ടം തൊഴിലാളികള്‍ക്ക് ഏറ്റവുമുയര്‍ന്ന വേതന വര്‍ധന നടത്തിയ ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ നന്ദി പ്രകാശന സംഗമവും നടത്തി. ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനാർഥം ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് യൂത്ത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായാണ് ആശുപത്രിയിൽ ഉച്ചഭക്ഷണം എത്തിച്ചത്.