ഇടുക്കി : ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍റെ വീട് ഒഴിയാന്‍ നോട്ടിസ് നല്‍കി റവന്യൂ വകുപ്പ്. വീട് നിര്‍മിച്ചിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന് കാണിച്ചാണ് നോട്ടിസ്. ദേവികുളം സബ് കലക്‌ടര്‍ രാഹുൽ കൃഷ്‌ണ ശർമയുടെ നിർദേശ പ്രകാരം മൂന്നാർ വില്ലേജ് ഓഫിസര്‍ അയച്ച നോട്ടിസില്‍ ഏഴ് ദിവസത്തിനകം വീട് ഒഴിയണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വീടൊഴിഞ്ഞില്ലെങ്കില്‍ ബലമായി നീക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്നാറിലെ ഇക്കാനഗറില്‍ എട്ട് സെന്‍റ് സ്ഥലത്താണ് രാജേന്ദ്രന്‍റെ വീട്. അതേസമയം നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം രാജേന്ദ്രന് പിന്തുണയുമായി സിപിഐ രംഗത്തെത്തി.
വീടൊഴിപ്പിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നടപടികള്‍ തത്കാലം നിര്‍ത്തി വച്ചിരിക്കുകയാണെന്ന് ദേവികുളം തഹസില്‍ദാര്‍ വ്യക്തമാക്കി.