ഇടുക്കി : ബൈസൺവാലി ഇരുപതേക്കറിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം. ഓഗസ്റ്റ് 15 നാണ് പെണ്‍കുട്ടിയെ അയല്‍വാസിയായ 45 കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ചുകടന്ന് കുട്ടിയെ കടന്നുപിടിച്ചു. തുടര്‍ന്ന്, ഇയാളുടെ കൈയില്‍ കടിച്ച കുട്ടി ഓടി അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു.
സംഭവമുണ്ടായ ദിവസം തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തമിഴ്‌നാട്ടിലേക്ക് കടന്ന് പ്രതി
വനിത സ്വയംസഹായ സംഘം പ്രതിനിധികളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് എത്തുന്നതിന് മുന്‍പ് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു. പൊലീസിന്‍റെ അനാസ്ഥ കാരണമാണ് പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം, പ്രദേശവാസികളുടെ ആരോപണത്തില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. പ്രതിയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ സംഭവ ദിവസം തന്നെ നടത്തി.
ഇതിനിടയിലാണ് പ്രതി ഒളിവില്‍ പോയത്. പ്രതിക്കെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ടെന്നും രാജാക്കാട് പൊലീസ് പറഞ്ഞു.
ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ്. ഇതാണ് അന്വേഷണത്തിന് തടസമായിട്ടുള്ളത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ALSO READ: ഇത്തവണയും 'ഓണ്‍ലൈന്‍ ഓണം' ; കരുതലോണം ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും