ഇടുക്കി: മണ്ണിടിച്ചില്‍ ഉണ്ടായ ലാക്കാട് ഗ്യാപ്പില്‍ തുടര്‍ നിര്‍മാണം നടത്തുന്നതിന് മുൻപ് ശാസ്ത്രീയ പഠനം നടത്താന്‍ തീരുമാനിച്ചതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. തുടര്‍ച്ചയായി മലയിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് നിര്‍മാണജോലികള്‍ നിര്‍ത്തി വച്ച ദേശീയപാത 85ന്‍റെ ഭാഗമായ ലാക്കാട് ഗ്യാപ്പില്‍ ശാസ്ത്രീയ പഠനം നടത്താനാണ് പുതിയ തീരുമാനം. തുടര്‍ച്ചയായി മലയിടിച്ചിലുണ്ടാകുന്നതിനുള്ള കാരണം, ഏത് വിധത്തിലുള്ള നിര്‍മ്മാണ ജോലികള്‍ ഇനി സാധ്യമാകും, വീണ്ടും മലയിടിച്ചിലിനുള്ള സാധ്യത ഉണ്ടോ തുടങ്ങി വിവിധ കാര്യങ്ങള്‍ പഠനത്തിന് വിധേയമാക്കും. പഠന ചുമതല കോഴിക്കോട് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ ഏല്‍പ്പിച്ചതായും പഠന റിപ്പോര്‍ട്ട് വന്ന ശേഷമാകും തുടര്‍ നിര്‍മാണ ജോലികളെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം തവണയും മലയിടിഞ്ഞതിനെ തുടര്‍ന്ന് ഗ്യാപ്പ് റോഡിലെ നിര്‍മാണ ജോലികള്‍ പൂര്‍ണമായി നിര്‍ത്തി വച്ചിരിക്കുകയാണ്. മലയിടിച്ചിലില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഇനിയും കണ്ടു കിട്ടിയിട്ടില്ല. യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് വീണ്ടും നിര്‍മാണ ജോലികള്‍ ആരംഭിച്ചാല്‍ വീണ്ടും മലയിടിയാനുള്ള സാധ്യത തള്ളിക്കളയനാവില്ല. ഈ സാഹചര്യത്തിലാണ് പുനര്‍നിര്‍മ്മാണം സംബന്ധിച്ച ശാസ്ത്രീയ പഠനത്തിന് തീരുമാനമായത്. ദേശീയപാതക്ക് സമാന്തരമായി മറ്റ് ചില പാതകള്‍ കൂടി തുറക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആവശ്യത്തോട് തനിക്കും വ്യക്തിപരമായി അനുഭാവമാണുള്ളതെന്ന് ഡീന്‍ കുര്യാക്കോസ് എംപി വ്യക്തമാക്കി.