ഇടുക്കി:ഹൈറേഞ്ചിന്‍റെ കവാടമായ നേര്യമംഗലം പാലത്തില്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ് പുതിയതായി രൂപം കൊണ്ട ഗര്‍ത്തം. പാലത്തിന്‍റെ വീതി കുറവുമൂലം പലപ്പോഴും വാഹനങ്ങള്‍ പാലത്തിൽ കുടുങ്ങി ഗതാഗതകുരുക്കുണ്ടാകുന്നത് പതിവു സംഭവമാകുന്നതിനിടയിലാണ് പാലത്തിന്‍റെ പ്രവേശന കവാടത്തിൽ ഗർത്തം രൂപം കൊണ്ടിരിക്കുന്നത്. റോഡിനടിയിൽ നിന്ന് മണ്ണിടിഞ്ഞതിനാലാവാം ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ കൊടിനാട്ടി അപകട സൂചന നൽകുകയും ദേശീയ പാത അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മുന്നാറിലേക്കും തേക്കടിയിലേക്കും ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ സഞ്ചരിക്കുന്ന പാതയായതിനാൽ അടിയന്തിരമായി പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ വേഗം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കേരളത്തിന്‍റെ ചരിത്ര പ്രാധാന്യമുള്ള പാലത്തിന്‍റെ തകര്‍ച്ചയുടെ സൂചനയാണിതെന്നാണ് നാട്ടുകാർ പറയുന്നത്.
1935-ല്‍ തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ കാലത്ത് ബ്രിട്ടീഷുക്കാരുടെ സഹായത്തോടെ 55 വര്‍ഷം കാലയളവിലേക്ക് നിർമിച്ച പാലം ഉദ്ഘാടനം ചെയ്തിട്ട് 85 വര്‍ഷം പിന്നിട്ടു. പുതിയ പാലം നിര്‍മ്മാണത്തിനായി മണ്ണു പരിശോധനയടക്കം പൂര്‍ത്തീകരിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല. കൊച്ചിയെയും ധനുഷ്‌കോടിയെയും ബന്ധിപ്പിക്കു പ്രധാന പാതയായ ദേശീയപാത 85 ല്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.