ഇടുക്കി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷീരമേഖലയ്ക്ക് കൈതാങ്ങായി ക്ഷീരവികസന വകുപ്പ്. പ്രത്യേക ധനസഹായ പദ്ധതി പ്രകാരം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും. ക്ഷീരവികസനവകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കിയ ക്ഷീരകര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ക്ഷീര കര്‍ഷകര്‍ സംഘത്തില്‍ അളന്ന പാലിന്‍റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുന്നത്.
പ്രതിദിനം 10 ലിറ്റര്‍ വരെ പാല്‍ നല്‍കിയ ക്ഷീരകര്‍ഷകര്‍ക്ക് (കാറ്റഗറി എ ) പരമാവധി രണ്ട് ചാക്കും , 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ നല്‍കിയവര്‍ക്ക് (കാറ്റഗറി ബി ) പരമാവധി മൂന്ന് ചാക്കും, 20 ലിറ്ററിന് മുകളില്‍ പാല്‍ നല്‍കിയവര്‍ക്ക് (കാറ്റഗറി സി ) പരമാവധി അഞ്ച് ചാക്കുമാണ് ഇപ്രകാരം സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ കഴിയുന്നത്. ഇടുക്കി ജില്ലയില്‍ ' കാറ്റഗറി എ'' യില്‍ 8220 കര്‍ഷകര്‍, ' കാറ്റഗറി ബി ' യില്‍ 2722 കര്‍ഷകര്‍, ' കാറ്റഗറി സി'' യില്‍ 1649 കര്‍ഷകര്‍ എന്നിങ്ങനെ ആകെ 12,591 ക്ഷീരകര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഇടുക്കി ജില്ലയില്‍ 21,658 ചാക്ക് കേരളാ ഫീഡ്‌സ് എലൈറ്റും , 2973 ചാക്ക് മില്‍മ ഗോള്‍ഡും ഉള്‍പ്പെടെ 24, 631 ചാക്ക് കാലിത്തീറ്റ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 98.524 ലക്ഷം രൂപയാണ് സബ്‌സിഡിയായി ഈയിനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 2020 ഓഗസ്റ്റ് 17 ന് രാവിലെ പത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു ഫേസ്ബുക്ക് ലൈവിലൂടെ നിര്‍വഹിക്കും.